തിരുവനന്തപുരം: 21 ഏപ്രില്‍ 2022: കൊവിഡ് മഹാമാരിക്ക് ശേഷം സജീവമാകുന്ന ടെക്‌നോപാര്‍ക്കില്‍ ബാക്ക് ടു ക്യാമ്പസ് ക്യാംപയിനിന്റെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ക്ക് തുടക്കമായി. കഴിഞ്ഞ രണ്ടര വര്‍ഷമായി നടക്കാതിരുന്ന സേഫ്റ്റി അവെയര്‍നസ് പ്രോഗ്രാമുകള്‍ ടെക്‌നോപാര്‍ക്കിലേക്ക് കമ്പനികളും ജീവനക്കാരും തിരിച്ചെത്തിത്തുടങ്ങിയതോടെയാണ് പുനഃരാരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇന്നലെ ഭവാനി ബില്‍ഡിങ്ങില്‍ നടന്ന ഫയര്‍ മോക്ക് ഡ്രില്ലിന് ടെക്‌നോപാര്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ മധു ജനാര്‍ദ്ധനന്‍ നേതൃത്വം നല്‍കി.
ഭവാനി ബില്‍ഡിങ്ങിലെ ഫയര്‍ അലാറം കേട്ട് പുറത്തിറങ്ങിയ ജീവനക്കാരെല്ലാം പാര്‍ക്ക് സെന്ററിന് മുന്നിലുള്ള ആംഫി തീയേറ്ററില്‍ അണിനിരന്നു. തുടര്‍ന്ന് തീ പിടുത്തമുണ്ടായാല്‍ എങ്ങനെ അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് മധു ജനാര്‍ദ്ധനന്‍ വിശദീകരിക്കുകയും ടെക്‌നോപാര്‍ക്കിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ജീവനക്കാര്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും ചെയ്തു. വിവിധ കമ്പനികളിലെ ജീവനക്കാരും മോക്ക് ഡ്രില്ലില്‍ പങ്കെടുത്ത് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നേടി. ഇനിയുള്ള ദിവസങ്ങളില്‍ മറ്റുള്ള ബില്‍ഡിങ്ങുകളിലും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.