കോഴിക്കോട്: ഏപ്രില്‍ 12, 2022: മാലിന്യ രഹിത ക്യാംപസ് ലക്ഷ്യമിട്ട് സൈബര്‍പാര്‍ക്കില്‍ സ്ഥാപിച്ച വെയിസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റാന്‍ ക്രഡായി വികസിപ്പിച്ച ഓട്ടോമാറ്റിക് ഫുഡ് വേസ്റ്റ് പ്രൊസസര്‍ മെഷീനാണ് സൈബര്‍പാര്‍ക്കില്‍ സ്ഥാപിച്ചത്. സഹ്യ ബില്‍ഡിങ്ങില്‍ സ്ഥാപിച്ച യൂണിറ്റില്‍ 100 കിലോ മാലിന്യങ്ങള്‍ വരെ ഒരു ദിവസം സംസ്‌കരിച്ചെടുക്കാന്‍ സാധിക്കും.
മാലിന്യ രഹിത കേരളത്തിനായുള്ള പരിശ്രമങ്ങളില്‍ സൈബര്‍പാര്‍ക്കിന്റെ നടപടികളെ മേയര്‍ അഭിനന്ദിച്ചു. മാലിന്യ സംസ്‌കരണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ നടപ്പാക്കുന്ന ഇത്തരം പരിശ്രമങ്ങള്‍ നാടിന് മുതല്‍ക്കൂട്ടാകുമെന്നും സൈബര്‍പാര്‍ക്കിന്റെ നടപടികള്‍ മാതൃകയാണെന്നും മേയര്‍ പറഞ്ഞു. നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സൈബര്‍പാര്‍ക്കില്‍ സ്ഥാപിക്കാനാകുമോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, സ്‌പ്ലെന്‍ഡര്‍ ഐമാഗ് പ്രൈവറ്റ് ലിമിറ്റഡ് കോ ഫൗണ്ടര്‍ ആന്‍ഡ് സി.ഒ.ഒ അനില്‍ ബാലന്‍, സൈബര്‍പാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.