തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ.ആര്‍.എസ് ടി ആന്‍ഡ് ടി.ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഡച്ച് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബെര്‍ഗ്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ട്രാഫിക് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റങ്ങളുടെ സാങ്കേതിക പങ്കാളിയാണ് എ.ആര്‍.എസ് ടി ആന്‍ഡ് ടി.ടി. ടെക്‌നോപാര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായവും ഇരു രാജ്യങ്ങളുടെ സഹകരണവും അദ്ദേഹം ഉറപ്പു നല്‍കി. ഇന്ത്യന്‍ ട്രാഫിക്കിന്റെയും ഗതാഗതത്തിന്റെയും ആവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ട്രാഫിക്, ഗതാഗത മേഖലകളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ ഹരിത സംരംഭങ്ങളില്‍ എങ്ങനെയൊക്കെ സഹകരിക്കാമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സുസ്ഥിര സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം നല്‍കുന്നതിനായി സമീപഭാവിയില്‍ ഡച്ച് എംബസിയില്‍ നിന്ന് എ.ആര്‍.എസ് ടി ആന്‍ഡ് ടി.ടിയ്ക്ക് തുടര്‍ന്നും സഹകരണം വാഗ്ദാനം ചെയ്താണ് യോഗം അവസാനിച്ചത്.
ന്യൂഡല്‍ഹി എംബസിയിലെ സാമ്പത്തിക ഉപദേഷ്ടാവ് ജോസ്റ്റ് ഗെയ്ജര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് മന്ത്രാലയത്തിലെ സീനിയര്‍ പോളിസി ഓഫീസര്‍ ലൂയിറ്റ്-ജാന്‍ ഡിജ്ഖൂയിസ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഹെയ്ന്‍ ലഗെവീന്‍ എന്നിവരടങ്ങിയ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എ.ആര്‍.എസ് ടി ആന്‍ഡ് ടി.ടി മാനേജിങ് ഡയറക്ടര്‍ മനേഷ് വി.എസ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രവീണ്‍ ബാബു, ഡെലിവറി ഹെഡ് ഉമേശ് .ജെ, എച്ച്.ആര്‍ ഹെഡ് യൂസ്റ്റൈന്‍ തോമസ്, പ്രീസെയ്ല്‍സ് ഹെഡ് വിശാല്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് ഡച്ച് അംബാസിഡറെയും സംഘത്തെയും സ്വീകരിച്ചു.