തിരുവനന്തപുരം: ആഗോള കൺസൾട്ടിംഗ് സ്‌ഥാപനമായ ടെക്‌വാന്റേജ് സിസ്റ്റംസ് വനിതാദിനത്തിൽ ഇഗ്നൈറ്റ് വെബ്ബിനാർ സീരീസ് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വെബിനാർ സീരീസിൽ കൂടുതൽ അറിവുകളും വസ്തുനിഷ്ഠമായ വിലയിരുത്തലുകളും പങ്ക് വെയ്ക്കപ്പെടും. ഡാറ്റ സയൻസ്, അനലിറ്റിക്‌സ്, ആഗോള ഐ.ടി വ്യവസായം എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളും തൊഴിൽ സാധ്യതകളും ചർച്ച ചെയ്യപ്പെടുകയും അത് വഴി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് വെബിനാറിന്റെ ലക്‌ഷ്യം.
സാങ്കേതികരംഗത്ത് യുവജനതയുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ സഹായകരമാകുന്ന തരത്തിലാണ് ടെക്‌വാന്റേജ് ഇഗ്നൈറ്റ് വെബിനാർ സീരീസിന് രൂപം നൽകിയിരിക്കുന്നത്. അനലിറ്റിക്‌സ് മേഖലയിൽ കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്ന ടെക്‌വാന്റേജിന്റെ പ്രഖ്യാപിത നയത്തിന് ഊർജം പകരുന്നതാണ് ഇഗ്നൈറ്റ്. ടെക്‌വാന്റേജ് സിസ്റ്റംസിന്റെ ജീവനക്കാരിൽ 55 ശതമാനത്തിലേറെയും വനിതകളാണ്. മാത്രമല്ല പുതുതലമുറയ്ക്ക് അവസരങ്ങൾ നൽകുക എന്നതും അവരുടെ ഊർജസ്വലത പരമാവധി പ്രയോജനപ്പെടുത്തുക എന്നതുമാണ് ടെക്‌വാന്റേജിന്റെ നയമെന്നും മാനേജിംഗ് ഡയറക്ടറും സഹ സ്‌ഥാപകയുമായ ജീജ ഗോപിനാഥ് ചൂണ്ടിക്കാട്ടി
മാർച്ച് 8 ന് വൈകിട്ട് 6 മുതൽ 6.45 വരെ ഇഗ്നൈറ്റ് ആദ്യ സെഷൻ നടക്കും. നെക്‌സസ് പവർ സ്‌ഥാപകരായ നികിത, നിഷിത ബലിയാർസിംഗ്, സെംകോസ്റ്റയിൽ ഇൻസ്റ്റിറ്റിയൂട്ട് അഫിലിയേറ്റ് പാർട്ണർ ഹരിണി ശ്രീനിവാസൻ എന്നിവർ ആദ്യ സെഷനിൽ പങ്കെടുക്കും.
തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ടെക്‌വാന്റേജ് സിസ്റ്റംസ് കസ്റ്റമർ എക്സ്പീരിയൻസ്, പെർഫോമൻസ് ഇമ്പ്രൂവ്മെൻറ്, ടെക്‌നോളജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ മേഖലകളിൽ ബിസിനസ് വെല്ലുവിളികൾ നേരിടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.
വെബ്ബിനറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://tinyurl.com/Techvantage രജിസ്റ്റർ ചെയ്യാവുന്നതാണ്.