കോഴിക്കോട്: മഹാമാരിയെയും സാമ്പത്തികമാന്ദ്യ കണക്കുകളെയും അതിജീവിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കുകള്‍ ഭാവിയിലെ ആകര്‍ഷകമായ ഐ.ടി നിക്ഷേപ കേന്ദ്രമായി അതിവേഗം ഉയര്‍ന്നുവരികയാണ്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സൈബര്‍പാര്‍ക്ക് 77 ശതമാനം കയറ്റുമതി വളര്‍ച്ചാ നിരക്ക് കൈവരിച്ചു. ഈ വര്‍ഷവും ഈ വിജയക്കുതിപ്പ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈബര്‍ പാര്‍ക്ക്. മലബാര്‍ മേഖലയിലെ ഐ.ടി വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന പ്രധാന ഐ.ടി പാര്‍ക്കായ യു.എല്‍ സൈബര്‍പാര്‍ക്കുമായി ചേര്‍ന്നാണ് ഇതിനുള്ള പദ്ധതികള്‍ തയാറാക്കുന്നത്. ബംഗളൂരു പോലെയുള്ള ഒന്നാം നിര നഗരങ്ങളിലേക്കും ദുബൈ പോലുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കാര്യക്ഷമമായ വ്യോമ, റോഡ്, റെയില്‍ കണക്റ്റിവിറ്റി സൈബര്‍പാര്‍ക്കുകളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായകരമായി.
കഴിഞ്ഞ വര്‍ഷം മൂന്ന് ഐ.ടി പാര്‍ക്കുകളില്‍ നിന്നുള്ള കയറ്റുമതി വഴിയുള്ള കൂട്ടായ വരുമാനം 15,100 കോടി രൂപയായിരുന്നു. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി 2019-20 ലെ 14.76 കോടി രൂപയില്‍ നിന്ന് 2020-21ല്‍ 26.16 കോടി രൂപയായി ഉയര്‍ന്നു. നിലവിലുള്ള ഐ.ടി കമ്പനികളുടെ ധ്രുതഗതിയിലുള്ള വിപുലീകരണ പദ്ധതികളുടെയും തദ്ദേശ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഈ മേഖലയിലെ പുതിയ കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തിന്റെയും ഫലമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ വളര്‍ച്ചയ്ക്ക് കോഴിക്കോട് ഒരുങ്ങുകയാണെന്ന് കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു.
2014-15ല്‍ നാല് കമ്പനികളുമായി ആരംഭിച്ച സൈബര്‍പാര്‍ക്കില്‍ ഇപ്പോള്‍ 65 കമ്പനികളും 1100 നേരിട്ടുള്ള ജീവനക്കാരുമുണ്ട്. സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ വ്യവസ്ഥകള്‍ക്ക് കീഴിലുള്ള നിലവിലുള്ള കെട്ടിടം ഇതിനോടകം 75 ശതമാനവും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളോടെ ഈ കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. പ്രതീക്ഷിക്കുന്ന വളര്‍ച്ച കണക്കിലെടുത്ത് ഒരു പുതിയ നോണ്‍-സെസ് ഐ.ടി കെട്ടിടത്തിനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ജോണ്‍ എം. തോമസ് പറഞ്ഞു.
വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള യു.എല്‍ സൈബര്‍പാര്‍ക്കില്‍ ഇപ്പോള്‍ 80-ലധികം കമ്പനികളിലായി 2000-ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും യു.എല്‍.സി.സി.എസ് ലിമിറ്റഡ് (ULCCS Ltd.) ഗ്രൂപ്പ് സി.ഇ.ഒ രവീന്ദ്രന്‍ കസ്തൂരി അഭിപ്രായപ്പെട്ടു. 2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ 37.66 കോടിയുടെ കയറ്റുമതി മൂല്യമാണ് യു എല്‍ സൈബര്‍പാര്‍ക്ക് സൃഷ്ടിച്ചെടുത്തതെന്നും മലബാറില്‍ കേരള ഐ.ടി വികസനം ശക്തിപ്പെടുത്തുന്നതിനായി സൈബര്‍പാര്‍ക്കുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രവീന്ദ്രന്‍ കസ്തൂരി കൂട്ടിച്ചേര്‍ത്തു.