തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയില്‍ പ്രത്യേക ശ്രദ്ധയൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിരവധി വികസനപദ്ധതികളാണ് കഴിഞ്ഞ 6 വർഷങ്ങളായി എൽ.ഡി.എഫ് സർക്കാർ തീരമേഖലയില്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 20 തീരദേശ സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് ജില്ലകളിലെ 15 നിയോജക മണ്ഡലങ്ങളിലായാണ് 18.48 കോടി രൂപ ചെലവഴിച്ച് 20 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.
തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. അതില്‍ ഉള്‍പ്പെട്ട 20 സ്കൂളുകളിലെ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ജി.എല്‍.പി.എസ്, കൊല്ലം ജില്ലയിലെ പഴങ്ങാലം ജി.എല്‍.പി.എസ്, ചെറിയഴീക്കല്‍ ജി.വി.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ ചിറിയ്ക്കകം ജി.യു.പി.എസ്, തൃശൂര്‍ ജില്ലയിലെ മന്തലംകുന്ന് ജി.എഫ്.യു.പി.എസ്, വാടാനപള്ളി ജി.എഫ്.യു.പി.എസ്, മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ജി.യു.പി.എസ്, വള്ളിക്കുന്ന് ജി.എല്‍.പി.എസ്, അരിയല്ലൂര്‍ ജി.യു.പി.എസ്, താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി.എസ്, പരപ്പനങ്ങാടി ചെറ്റിപടി ജി.എല്‍.പി.എസ്, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സൗത്ത് ജി.എല്‍.പി.എസ്, പയ്യോളി മേലാടി ജി.എല്‍.പി.എസ്, കൊയിലാണ്ടി ജി.എഫ്.യു.പി.എസ്, കണ്ണൂര്‍ ജില്ലയിലെ ഗവ. സിറ്റി എച്ച്.എസ്.എസ്, നീര്‍ച്ചാല്‍ ജി.യു.പി.എസ്, മാടായി ജി.ജി.എച്ച്.എസ്.എസ്, മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ്, ഏറ്റിക്കുളം മാസ് ജി.എച്ച്.എസ്.എസ്, കവ്വായി ഗവ എം.യു.പി.എസ് എന്നീ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.എ മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.