തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്. തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ ജി പേ പരിചയമുണ്ടോ എന്ന് ചോദിച്ചിട്ടാണ് മെസേജ് വരുന്നത്. തട്ടിപ്പെന്ന് മനസിലായതോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇവര്‍ മന്ത്രിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. മുമ്പും സമാനരീതിയില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. പരാതി നല്‍കിയതോടെയാണ് താത്ക്കാലികമായി നിലച്ചത്. 91 95726 72533 എന്ന നമ്പരില്‍ നിന്നാണ് വാട്‌സാപ്പ് സന്ദേശം വരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.