തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ ഉയർന്ന നിർദേശത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതടക്കം യുവജനങ്ങൾ മുന്നോട്ടുവച്ച വിവിധ ആശയ നിർദേശങ്ങൾ മുഖ്യമന്ത്രി വിശദമായി കേൾക്കുകയും സർക്കാർ തലത്തിൽ നടപ്പാക്കാവുന്ന കാര്യങ്ങൾ മറുപടിയായി അറിയിക്കുകയും ചെയ്തു. നവകേരള നിർമിതിയിൽ യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂർ നീണ്ടുനിന്ന മുഖാമുഖം പരിപാടി.സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾകൂടി ഉറപ്പാക്കണമെന്നു സൈക്ലറായ ജിൻസൺ സ്റ്റീഫനാണ് അഭിപ്രായപ്പെട്ടത്. തീരദേശ പാതയിൽ സൈക്കിൾ ട്രാക്ക് വരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പേരിനൊപ്പം ജാതി ചേർക്കുന്ന പ്രവണത വർധിച്ചുവരുന്നതായി ഇതു സംബന്ധിച്ചു ഗായകൻ ഇഷാൻ ദേവ് ഉന്നയിച്ച വിഷയം മുൻനിർത്തി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടിയോട് സ്‌കൂളിൽ ചില കുട്ടികൾ ജാതി ഏതാണെന്നു ചോദിക്കുന്നുവെന്ന് ഇഷാൻ ഉയർത്തിക്കാട്ടിയ പ്രശ്നം നാട്ടിൽ വരുന്ന വലിയൊരു പ്രവണതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഒരു ഭാഗം ഉപേക്ഷിച്ചാണു മന്നത്തു പത്മനാഭൻ നവോത്ഥാനത്തിനു നേതൃത്വം നൽകുന്ന നേതാവായി നിലകൊണ്ടത്. പിന്നീടുള്ള കാലം ജാതി വ്യക്തമാക്കുന്നതരത്തിലുള്ള പേരുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടി പഠിക്കാൻ ചെല്ലുമ്പോൾ പേരിനു പിന്നാലെ ഒരു ജാതിപ്പേരുകൂടി ചേർക്കുകയാണ്. അച്ഛനും അമ്മയും ജാതിയുടെ പേരിൽ അറിയപ്പെട്ടിട്ടില്ല. പക്ഷേ അവർതന്നെ കുട്ടിക്ക് ഇതു ചാർത്തിക്കൊടുക്കുകയാണ്. ഇതു നവോത്ഥാന മൂല്യങ്ങളിൽവരുന്ന കുറവാണ്. മനുഷ്യത്വമാണു ജാതിയെന്നതാണു നാട് പഠിച്ചുവന്നത്. ആ നിലയിലേക്ക് ഉയരാൻ കഴിയണം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം പേരിന്റെയോ ജാതിചിന്തയുടേയോ കാര്യത്തിൽ മാത്രമല്ല സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകൾക്കെതിരേകൂടിയായിരുന്നു. അത് കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.