December 08, 2024

Login to your account

Username *
Password *
Remember Me

സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിലില്ല: മുഖ്യമന്ത്രി

സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ലെന്നും അത്ര വിപുലമാണു കേരളത്തിലെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


സഹകരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തു വീടുകൾതോറും ബാങ്കിങ് സംസ്‌കാരം വളർത്തിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കുടുംബങ്ങളേയും ബാങ്കുകളുമായി ബന്ധപ്പെടുത്തി സമ്പൂർണ ബാങ്കിങ് രീതി ആർജിക്കാൻ കഴിഞ്ഞതു സഹകരണ മേഖലയുടെ പ്രവർത്തനഫലമാണ്. ആഗോളവത്കരണ നയത്തിനു മുൻപുള്ള അവസ്ഥയും ശേഷമുള്ള അവസ്ഥയും സഹകരണ മേഖലയെ വ്യത്യസ്തമായി ബാധിച്ചു. ആഗോളവത്കരണ നയം അംഗീകരിക്കുന്നതിനു മുൻപ് സഹകരണ രംഗത്തിനുവേണ്ടി പ്രവർത്തിച്ച കമ്മിഷനുകൾ ഈ മേഖലയ്ക്കു കരുത്തു പകരുന്ന നിർദേശങ്ങളാണു സമർപ്പിച്ചിരുന്നതെങ്കിൽ അതിനു ശേഷം വന്നവ ഈ മേഖലയ്ക്കു നാശം വിതയ്ക്കാൻ ഉതകുന്ന നിർദേശങ്ങളാണു സമർപ്പിച്ചിരുന്നത്. ഈ ഘട്ടത്തിലെല്ലാം കേരളം അതിന്റേതായ പ്രത്യേക തനിമ നിലനിർത്തിപ്പോന്നു. സഹകരണ മേഖലയ്ക്ക് ഏതെങ്കിലും തരത്തിൽ പ്രതികൂലമാകുന്ന നിർദേശങ്ങൾ അഖിലേന്ത്യാതലത്തിൽ രൂപംകൊണ്ട കമ്മിഷനകൾ മുന്നോട്ടുവച്ചാൽ അവയെ തുറന്നുകാണിക്കുന്നതിനും എതിർക്കുന്നതിനും കേരളത്തിലെ സഹകാരികൾ ഒറ്റക്കെട്ടായി നിന്നു. കേരളത്തിലെ സഹകരണ മേഖലയ്ക്കു ദോഷമുണ്ടാക്കുന്ന എല്ലാ നിർദേശങ്ങളേയും ശക്തമായി എതിർക്കുന്ന സമീപനമാണു മാറിവന്ന സർക്കാരുകൾ സ്വീകരിച്ചുവന്നത്.


സഹകരണ രംഗം നാട് നേടിയ വലിയ നേട്ടമാണ്. അതിനു നേർക്കു കണ്ണുവച്ചുള്ള തെറ്റായ നീക്കങ്ങൾ വലിയ തോതിൽ ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സഹകരണ സംഘങ്ങൾ നിക്ഷേപം വാങ്ങുന്നതും വായ്പ നൽകുന്നതും നിശ്ചിത വ്യവസ്ഥകളനുസരിച്ചാണ്. പലിശ നിരക്ക് കൃത്യമായി നിശ്ചയിക്കാനുള്ള നിയമപരമായ സംവിധാനം കേരളത്തിലുണ്ട്. തോന്നിയപോലെ പലിശ നിശ്ചയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണു ചിലർ ഇങ്ങോട്ടു കടന്നുവരുന്നത്. മൾട്ടി സ്റ്റേറ്റെന്നു പറഞ്ഞാണു പല വേഷത്തിലും രൂപത്തിലും അവർ വരുന്നത്. നിക്ഷേപം സ്വീകരിച്ചു മോഹ പലിശ നൽകാമെന്നു പറയും. പലരും വഞ്ചിക്കപ്പെടുന്നത് മോഹ പലിശയെന്നു കേൾക്കുമ്പോഴാണ്. ആ ദുർഗതിയിലേക്കാണു മെല്ലെ ആളുകൾ നീങ്ങുന്നതെന്നു തിരിച്ചറിയണം. സാധാരണ പലിശ കിട്ടുക, നിക്ഷേപം ഭദ്രമായിരിക്കുക എന്നതാണു സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ അനുഭവം. പുതിയ കൂട്ടർ മോഹപലിശ നൽകി നിക്ഷേപം സീകരിച്ച് അതിന്റെ ഭാഗമായായി മറ്റുതരത്തിലുള്ള പ്രവർത്തങ്ങളിലേക്കു പോകുകയാണ്. ഇതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്.


കേരളത്തിലെ സഹകരണ മേഖലയെ ലക്ഷ്യമിട്ടു ചില ഏജൻസികൾ വരാനും നടപടികൾ സ്വീകരിക്കാനും തയാറായിട്ടുണ്ട്. അത്തരമൊരു പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവിടുത്തെ സഹകരണ വകുപ്പ് തന്നെയാണു നടപടി സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊലീസ് കേസടക്കം വന്നു. അവിടെയാണ് ഈ ഏജൻസി ഓടിയെത്തിയത്. അതിനൊപ്പം സഹകരണ മേഖലയിലാകെ എന്തോ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുകയാണെന്ന ചിത്രം ഉയർത്തിക്കാട്ടാനും ശ്രമിക്കുന്നു. ഇതിനു പിന്നിൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയെന്ന ദുരുദ്ദേശ്യമുണ്ട്. അത് നമുക്ക് അംഗീകരിക്കാൻ പറ്റില്ല.


ഒരു സ്ഥാപനത്തിൽ അഴിമതി നടന്നാൽ അതിന്റെ വിശ്വാസ്യതയെയാണു ബാധിക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കുമ്പോൾ അവിടെ നിക്ഷേപം നടത്തിയവരെയാണു സംരക്ഷിക്കേണ്ടതുണ്ട്. തെറ്റു ചെയതവർക്കെതിരേ കർക്കശമായ എല്ലാ നടപടിയും സ്വീകരിക്കണം. ആ നടപടികൾ ഒരുഭാഗത്തു നടക്കുമ്പോൾത്തന്നെ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ ഭാഗമായി ഈ സ്ഥാപനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനവും നടത്തണം. അതു തെറ്റുകാരെ സംരക്ഷിക്കലല്ല. തെറ്റുകാർക്കെതിരേ കർക്കശ നടപടിയുണ്ടാകും. ആവശ്യമായ പൊലീസ് കേസടക്കമുണ്ടാകും. എന്നാൽ സഹകരണ മേഖല ഇതിന്റെ ഭാഗായി തകർച്ചയനുഭവിക്കരുത്. അതിന്റെ വിശ്വാസ്യതയ്ക്കു കോട്ടംതട്ടരുത്. അതു സംരക്ഷിക്കുന്നതിന് ആവശ്യമായ പിന്തുണ സ്ഥാപനത്തിനു നൽകേണ്ടതായുണ്ട്. അങ്ങനെവന്നാൽ സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാനാകും. നല്ല രീതിയിൽ മുന്നേറാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.