November 21, 2024

Login to your account

Username *
Password *
Remember Me

വിഴിഞ്ഞം തുറമുഖം ആദ്യ കപ്പലിനെ 15നു സ്വീകരിക്കും; സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ ഏവർക്കും അഭിമാനിക്കാമെന്നു മുഖ്യമന്ത്രി

ഒക്ടോബർ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ നാടിൻറെ ഒരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി എന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിൽ കേരളത്തിനു തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2015 ഓഗസ്റ്റ് 17 നാണ് അന്നത്തെ സർക്കാർ പദ്ധതിയുടെ കരാർ ഒപ്പുവെച്ചത്. 2017 ജൂണിൽ ബർത്തിൻറെ നിർമ്മാണോദ്ഘാടനം നടത്തി. പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവർത്തനത്തെ ചെറിയ തോതിൽ ബാധിച്ചു. അന്താരാഷ്ട്ര കപ്പൽ ചാലിനോട് കേവലം 11 നോട്ടിക്കൽ മൈൽ അടുത്തും, പ്രകൃതി ദത്തമായ 20 മീറ്റർ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 400 മീറ്റർ നീളമുള്ള 5 ബർത്തുകളും 3 കിലോമീറ്റർ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബർത്ത് പൂർത്തിയാക്കിയതിനെ തുടർന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റൻ ക്രെയിനുമായി ലോഡ് കാരിയർ ഷിപ്പ് ഞായറാഴ്ച വിഴിഞ്ഞത്ത് എത്തുന്നത്. ആദ്യ ഫേസ് പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം ടി.ഇ.യു കണ്ടൈനർ കൈകാര്യം ചെയ്യുവാൻ കഴിയുമന്നാണ് പ്രതീക്ഷിക്കുന്നത്.


2021 ൽ പുലിമുട്ടിൻറെ നീളം ലാൻറ് മോഡിൽ, കേവലം 650 മീറ്റർ മാത്രമാണ് ഭാഗികമായി തയ്യാറാക്കുവാൻ സാധിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യത പ്രതിസന്ധിയായി. പരിഹാരം കണ്ടെത്താൻ കൃത്യമായ പ്രവർത്തന കലണ്ടർ തയ്യാറാക്കി. പദ്ധതി പ്രദേശത്തു തന്നെ മാസാന്ത്യ അവലോകനങ്ങൾ നടത്തി. ദൈനംദിന അവലോകനത്തിന് പ്രത്യേക മൊബൈൽ ആപ്പ് തയ്യറാക്കി. തമിഴ്നാട് സർക്കാരുമായി, വകുപ്പ് മന്ത്രി ചർച്ച നടത്തി പാറയുടെ ലഭ്യത ഉറപ്പാക്കി. സംസ്ഥാനത്തെ ക്വാറികളിൽ നിന്ന് ലഭ്യമാവേണ്ട പാറയും ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകങ്ങളും സമയകൃത്യത ഉറപ്പാക്കി ഉദ്ഘാടനം ചെയ്തു. 2022 ജൂൺ 30 ന് ഗ്യാസ് ഇൻസുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും, 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും, 2023 ഏപ്രിൽ 26 ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്സും സെക്യൂരിറ്റി കെട്ടിടവും, 2023 മെയ് 16 ന് വർക്ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്തു.


പുലിമുട്ടിൻറെ നിർമ്മാണം അതിവേഗമാണ് പൂർത്തിയാക്കുവാൻ സാധിച്ചത്. 55 ലക്ഷം ടൺ പാറ ഉപയോഗിച്ച് 2960 മീറ്റർ പുലിമുട്ട് നിർമ്മാണം കഴിഞ്ഞു. ഇതിൽ 2460 മീറ്റർ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതവുമാക്കി. പുലിമുട്ട് നിർമ്മാണത്തിൻറെ 30% പൂർത്തിയാക്കിയാൽ നൽകേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നൽകി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 817 കോടി രൂപ ലഭ്യമാക്കുവാനുള്ള തടസ്സങ്ങൾക്ക്, തുറമുഖ വകുപ്പ് മന്ത്രി കേന്ദ്രധന മന്ത്രിയുമായി ചർച്ച നടത്തിയതിൻറെ അടിസ്ഥാനത്തിൽ പരിഹാരമാവുകയാണ്. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ റെയിൽവെ ലൈനിന് കൊങ്കൺ റെയിൽവെ തയ്യാറാക്കിയ ഡി.പി.ആർ ന് കേന്ദ്ര സർക്കാരിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോർട്ടിനെ എൻ എച്ച് 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ആവശ്യമായ ഭുമി ഏറ്റെടുത്ത് നൽകി. ഇതിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 2000 പേർക്ക് നേരിട്ട് തൊഴിൽ നൽകാവുന്ന ലോജിസ്റ്റിക് പാർക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കുവാൻ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ പദ്ധതി പ്രദേശത്തുള്ള ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് മുന്തിയ പരിഗണന നൽകും. 50 കോടി രൂപ ചെലവിൽ അസാപ്പ് നിർമ്മിച്ച കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി. ഇത് തുറമുഖാധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടർ റിംഗ് റോഡ് ഈ പദ്ധതിയുടെ കണക്ടിവിറ്റി കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.