ഇരുനൂറ്റൻപതിലേറെ പ്രസാധകർ, 233 പുസ്തക പ്രകാശനങ്ങൾ, 260 പുസ്തക ചർച്ചകൾ, രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന എണ്ണൂറോളം അതിഥികൾ, പ്രൗഢി കൂട്ടി കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്.) രണ്ടാം പതിപ്പിനുള്ള ഒരുക്കം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളെ ഉത്സവഛായയിൽ ആഘോഷിക്കാനായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയത്തിന്റെ ഭാഗമായാണ് ഇക്കുറി നിയമസഭാ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. സ്പാനിഷ് എഴുത്തുകാരനായ ഫ്രാൻസ്സെക് മിറാലെയ്‌സ്, പെരുമാൾ മുരുകൻ, പാർക്കല പ്രഭാകരൻ, മീന കന്ദസാമി, ഇറോം ചാനു ശർമിള, സച്ചിദാനന്ദൻ, എം. മുകുന്ദൻ, കെ.ആർ. മീര തുടങ്ങി പ്രശസ്തരുടെ വലിയ നിരയാണ് ഏഴുദിവസമായി നിയമസഭാമന്ദിരത്തിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ അതിഥികളായെത്തുന്നത്.
നിയമസഭാമന്ദിരത്തിൽ നാലുവേദികളാണു പുസ്തകോത്സവം നടക്കുക. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ച് ആയിരിക്കും പ്രധാനവേദി. പുസ്തകോത്സവത്തിന്റെ ആദ്യപതിപ്പായ 2022ൽ പത്തു കോടി രൂപയിലേറെ പുസ്തകങ്ങളുടെ വിൽപനയാണ് നടന്നത്. ഇക്കുറി അതിലേറെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യപതിപ്പിൽ മൂന്നുലക്ഷം സ്‌കൂൾ വിദ്യാർഥികളാണ് പുസ്തകോത്സവം സന്ദർശിക്കാനെത്തിയത്. ഇക്കുറി അഞ്ചുലക്ഷത്തോളം വിദ്യാർഥികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പുസ്തകോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കു നിയമസഭാഹാളും മ്യൂസിയവും സന്ദർശിക്കാൻ അവസരമൊരുക്കും. ഇതോടൊപ്പം മൃഗശാല, പ്ലാനറ്റോറിയം, താളിയോല മ്യൂസിയം എന്നിവയിൽ സൗജന്യസന്ദർശനത്തിനും കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യമായി നഗരം ചുറ്റിക്കാണാനും അവസരമൊരുക്കും.
പുസ്തകോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, പാനൽ ചർച്ചകൾ, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.