May 05, 2024

Login to your account

Username *
Password *
Remember Me

കെ-റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും: മുഖ്യമന്ത്രി

കെ-റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണു വന്ദേഭാരതിനോടു കാണിച്ച പൊതുവായ സമീപനത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വന്ദേഭാരതിൽ സഞ്ചരിച്ചതോടെ കെ-റെയിലിനെ എതിർത്തവരുടെയടക്കം മനസിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരാണു പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോയെന്നു ഡൽഹിയിൽ വാർത്താ സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയോടു ചോദിച്ചപ്പോൾ അല്ല എന്നും ചർച്ച ചെയ്യുമെന്നുമാണു പറഞ്ഞത്. വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ അദ്ദേഹവുമായി പദ്ധതിയെക്കുറിച്ചു സംസാരിച്ചു. തുടർന്ന് ഡൽഹി സന്ദർശനത്തിനെത്തുമ്പോൾ ചർച്ച ചെയ്യാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും വിദേശത്തായിരുന്നതിനാൽ പിന്നീടു ചർച്ചയാകാമെന്നറിയിച്ചു. കേരളത്തിൽ വന്നും ചർച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. നല്ല പോസിറ്റിവായ വശം ആ ഭാഗത്തു കാണുന്നുണ്ട്. മറ്റു കാര്യങ്ങൾ കാലത്തിനു വിടാം - മുഖ്യമന്ത്രി പറഞ്ഞു.


സർക്കാരിന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ താത്പര്യത്തോടൊപ്പമാണു സംസ്ഥാന സർക്കാർ നിൽക്കുന്നത്. കെ-റെയിൽ പദ്ധതി ആരുടേയും മനസിൽനിന്നു പോയിട്ടില്ല. കെ-റെയിൽ ആവശ്യംതന്നെയാണെന്നാണു പൊതുവിൽ കാണുന്നത്. അതുകൊണ്ടാണു പദ്ധതിയെക്കുറിച്ചു പോസിറ്റിവായ കാര്യം കേന്ദ്ര സർക്കാരിനു പറയേണ്ടിവന്നത്. ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് അനുമതി നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


ജോൺ ബ്രിട്ടാസ് എം.പിയാണ് 'നാം മുന്നോട്ടി'ന്റെ അവതാരകൻ. അടിസ്ഥാന സൗകര്യ മേഖലയെക്കുറിച്ചാണ് ഈ എപ്പോസിഡിൽ പ്രതിപാദിക്കുന്നത്. കിഫ്ബി ചീഫ് പ്രൊജക്ട് എക്സാമിനർ എസ്.ജി. വിജയദാസ്, മഹാരാജാസ് കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് ടി. വർഗീസ്, മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, നടൻ പ്രശാന്ത് അലക്സാണ്ടർ, മല്ലു ട്രാവലർ ഷക്കീർ സുഭാൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന 'നാം മുന്നോട്ട്' പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായറാഴ്ച (18 ജൂൺ) മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.