November 23, 2024

Login to your account

Username *
Password *
Remember Me

ശ്രദ്ധയുടെ മരണം: കോളജുകളിലും സർവകലാശാലാ പഠന വിഭാഗങ്ങളിലും വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവ്

*അപ്പീൽ പോകാൻ സർവകലാശാലാ അപ്പലറ്റ് സമിതി


*വിദ്യാർഥികളുടെ അവകാശരേഖ ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കും


സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര തീരുമാനം.


കോളജ് പ്രിൻസിപ്പൽ (സർവകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കിൽ വകുപ്പ് മേധാവി) ചെയർപേഴ്‌സണായാണ് സെൽ നിലവിൽ വരിക. പ്രിൻസിപ്പൽ/ സർവകലാശാലാ വകുപ്പ് മേധാവി ശുപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ (ഒരാൾ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയൻ /ഡിപ്പാർട്‌മെന്റൽ സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്‌സൺ, വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ/സർവകലാശാലാ വകുപ്പുമേധാവി നാമനിർദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ള വിദ്യാർഥി, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സർവകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന അധ്യാപകൻ/അധ്യാപിക എന്നിവരും ചേർന്നാണ് സെല്ലിന്റെ ഘടനയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.


വിദ്യാർഥി പ്രതിനിധികൾക്കും പിടിഎ പ്രതിനിധിക്കും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകർക്കും ഒരു വർഷവും, സർവകലാശാലാ പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും അംഗത്വ കാലാവധി. സർവകലാശാലാ പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാർഥികളിൽനിന്നുള്ളവരുടെ തെരഞ്ഞെടുപ്പ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോടൊപ്പം നടത്തണം. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാർഥികൾ തുടരും. ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്‌സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ചെയർപേഴ്‌സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തെരഞ്ഞെടുക്കാം.


സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് സർവകലാശാലയെ അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവകലാശാലയിൽ അറിയിക്കും. ഇതിനായി എല്ലാ സർവകലാശാലകളിലും പ്രത്യേക ഓഫീസർക്ക് ചുമതല നൽകും.  സമിതിയുടെ അധികാരപരിധിയും നിശ്ചയിച്ചു. മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തത്, സർട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, അധിക ഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളിൽ ഉള്ള കുറവുകൾ, പരീക്ഷാ സംബന്ധമായ എല്ലാവിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേർതിരിവുകളുണ്ടാക്കൽ, അധികാരികളിൽ നിന്നും അധ്യാപകരിൽ നിന്നും സഹവിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നുമുണ്ടാകുന്ന മാനസികശാരീരിക പീഡനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തിൽ നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് സെല്ലിൽ പരാതി നൽകാം. സർവകലാശാലാ നിയമങ്ങൾ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും.


പരാതികൾക്കുമേൽ സർവകലാശാല തലത്തിൽ അപ്പീൽ സംവിധാനം ഉണ്ടാകും. വിദ്യാർഥികൾക്ക് സർവകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. ഈ സമിതിയുടെ ഘടന, പ്രൊ-വൈസ് ചാൻസലർ (ചെയർപേഴ്സൺ) വിദ്യാർഥി വിഭാഗം ഡീൻ/ഡയറക്ടർ (കൺവീനർ), സിൻഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിൻഡിക്കേറ്റിലെ വിദ്യാർഥി പ്രതിനിധി, സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ, സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അധ്യാപകർ (ഇതിൽ ഒരു വനിതയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഒരു സർവകലാശാലാ ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ്. ഈ സമതിയുടെ ക്വാറം അഞ്ചും തീരുമാനം അന്തിമവും ആയിരിക്കും.


ക്യാമ്പസുകൾക്കകത്ത് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകൾ പല കോളജുകളിലും പേരിനു മാത്രമാകുന്നുണ്ട്. ഇത് മാറണം. നിരന്തര മൂല്യനിർണയം വിദ്യാർഥികളുടെ കഴിവിനെ വിലയിരുത്താനാണ് നടപ്പാക്കിയത്. എന്നാൽ, ഇന്റേണൽ മാർക്കെന്നത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും നിലക്കു നിർത്താനും ഉപയോഗിക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടായിക്കൂടാ. ഇന്റേണൽ മാർക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താൻ സർവകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കൃത്യവിലോപം വരുത്തുന്നവർക്കെതിരെ നടപടി വരും. ഇന്റേണൽ മാർക്കിൽ പരാതി ഉണ്ടെങ്കിൽ സമീപിക്കാനുള്ള സർവകലാശാലാതല മോണിറ്ററിംഗ് സമിതിയെ ശക്തിപ്പെടുത്തും. ഇത്തരത്തിൽ വിദ്യാർഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതാവും നിർദ്ദിഷ്ട 'വിദ്യാർഥികളുടെ അവകാശരേഖ' (Charter of Students Rights). രേഖ ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കും. 'വിദ്യാർഥികളുടെ അവകാശരേഖ’യിൽ പറയുന്ന അവകാശങ്ങൾ ഉറപ്പാക്കലും വിദ്യാർഥി പരാതി പരിഹാര സെല്ലിന്റെ അധികാരപരിധിയിൽ വരും. സർക്കാർ കോളജുകളിൽ നിലവിലുള്ള ‘ജീവനി’ സംവിധാനം എയ്ഡഡ് കോളജുകളിലേക്കും വ്യാപിപിച്ചിട്ടുണ്ട്. അൺ എയ്ഡഡ്- സ്വാശ്രയ കോളജുകളിലും ജീവനി നടപ്പാക്കുമെന്നത് നിർദ്ദിഷ്ട 'വിദ്യാർഥികളുടെ അവകാശരേഖ' യുടെ ഭാഗമാകും. അതോടെ എല്ലാ കോളജുകളിലും കൗൺസിലിംഗ് ലഭ്യമാകുക എന്നത് വിദ്യാർഥികളുടെ അവകാശമായി മാറുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Last modified on Thursday, 15 June 2023 14:40

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.