November 23, 2024

Login to your account

Username *
Password *
Remember Me

ചേർത്തല മെഗാഫുഡ് പാർക്ക് ഇന്ന് നാടിന് സമർപ്പിക്കും

*മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരസും ചേർന്ന് ഉദ്ഘാടനം ചെയ്യും


സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഇന്ന് നാടിന് സമർപ്പിക്കും. ചേർത്തല പള്ളിപ്പുറത്ത് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരസും സംയുക്തമായി മെഗാഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയാകും. എ.എം ആരിഫ് എം.പി, ദലീമ എം.എൽ.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.


ചേർത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളർച്ചാ കേന്ദ്രത്തിൽ 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക് സ്ഥാപിച്ചത്. പാർക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കർ പൂർണമായും ഉദ്ഘാടനത്തിന് സജ്ജമാണ്. അടിസ്ഥാന വികസന സൗകര്യങ്ങൾ പൂർത്തിയാക്കി പൂർണമായും യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68 ഏക്കറിൽ റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജന ഓടകൾ, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ മുതലായ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസ് ഉൾപ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുടെയും നിർമാണവും പൂർത്തിയായിട്ടുണ്ട്. മെഗാ ഫുഡ് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റു അനുബന്ധ സൗകര്യങ്ങൾക്കുമുള്ള സ്ഥലം ഒഴികെ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ ശാലകൾക്ക് അനുവദിക്കാനുള്ള 55.27 ഏക്കർ സ്ഥലത്തിൽ നിലവിൽ 31 യൂണിറ്റുകൾക്ക് സ്ഥലം അനുവദിക്കുകയും അതിൽ 12 യൂണിറ്റുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തിട്ടുണ്ട്. ഈ യൂണിറ്റുകളിൽ ഇതുവരെ 600 പേർക്ക് തൊഴിൽ ലഭ്യമാക്കി.


മത്സ്യ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെ.എസ്.ഐ.ഡി.സി നിർമിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. ഈ പാർക്കിലെ യൂണിറ്റുകൾ പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1000 കോടി രൂപയുടെ നിക്ഷേപവും 3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. മലിനജല സംസ്‌ക്കരണ ശാലയും കോൾഡ് സ്റ്റോർ, ഡീപ് ഫ്രീസർ, ഡിബോണിങ് യൂണിറ്റ് എന്നിവ നിർമാണം പൂർത്തീകരിച്ച് പ്രവർത്തിപ്പിക്കുന്നതിന് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഏജൻസിയെ നിയമിച്ചിട്ടുണ്ട്. വൈപ്പിൻ, തോപ്പുംപടി, മുനമ്പം എന്നീ സ്ഥലങ്ങളിൽ പ്രാഥമിക സംസ്‌ക്കരണ ശാലകൾ തുടങ്ങുന്നുണ്ട്. അതിൽ വൈപ്പിൻ, തോപ്പുംപടി സംസ്‌കരണശാലകളുടെ നിർമാണ പ്രവർത്തനം തുടങ്ങി. മെഗാ ഫുഡ് പാർക്കിന്റെ രണ്ടാം ഘട്ടത്തിൽ 16 ഏക്കറിൽ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുകയാണ്.


കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാർക്കിന്റെ പദ്ധതി അടങ്കൽ തുക 128.49 കോടി രൂപയാണ്. ഇതിൽ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്. പദ്ധതിക്ക് നാളിതുവരെ 100.84 കോടി രൂപയാണ് ചെലവഴിച്ചത്. മെഗാ ഫുഡ് പാർക്ക് കേരളത്തിന്റെ ഭക്ഷ്യ സംസ്‌ക്കരണമേഖലയിൽ പുതിയ നാഴികക്കല്ലാകും. സംസ്ഥാനത്തെ മത്സ്യ- അനുബന്ധ തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. 2017 ജൂൺ 11നാണ് പാർക്കിന് ശിലയിട്ടത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.