മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പുനലൂര്‍ നഗരസഭയില്‍ പരിശോധന കര്‍ശനമാക്കി. മാലിന്യം തള്ളുന്നത് കാരണം വിവിധ സ്ഥലങ്ങളില്‍ ഒഴുക്ക് നിലച്ചത് പരിഹരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്ത് കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി. ഹരിത കര്‍മസേനയുടെ വാതില്‍പടി ശേഖരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ഡി രാമാനുജനന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എ ഡി പി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് സി ആര്‍ ജയചന്ദ്രന്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ജെ രതീഷ്‌കുമാര്‍, ജെ എച്ച് ഐമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.