കൊച്ചി: മണ്ണില്ലാതെ ചെടികൾ വളർത്തുന്ന ആധുനിക കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്. വേരുകൾ ഒരു ധാതു പോഷക മിശ്രിതത്തിൽ വളർത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. വാണിജ്യാടിസ്ഥാനത്തിൽ വലിയ സാദ്ധ്യതകൾ ഉള്ള ഈ കൃഷി രീതി അവലംഭിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ പരിശീലനം ആവശ്യമാണ്. കേരളത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന ഈ കൃഷി രീതിയിൽ സംരംഭകത്വ സാധ്യതകളും ഹൈഡ്രോപോണിക്സ് ഗാർഡനർ ജോലി അവസരങ്ങളും മുൻനിർത്തി അസാപ് കേരളയിൽ ഹൈഡ്രോപോണിക്സ് ഗാർഡനർ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. പഠിക്കാൻ താല്പര്യമുള്ള ആർക്കും ഈ കോഴ്സിൽ ചേരാം. ഹൈഡ്രോപോണിക് കൃഷി രീതിയുടെ സജ്ജീകരണവും പരിപാലനവും, കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിഞ്ഞു നിയന്ത്രിക്കുക, സംരംഭക കഴിവുകൾ വികസിപ്പിക്കുക, വിളവെടുപ്പിനു ശേഷമുള്ള വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ കോഴ്സിന്റെ ഭാഗമായി പഠിക്കാം.
100 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളോജിയാണ് കോഴ്സിന്റെ പരിശീലകർ. കോഴ്സ് ഫീസ് 12980 രൂപയാണ്. കാനറ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സോഫ്റ്റ് സ്കിൽ ലോൺ സൗകര്യവും ഈ കോഴ്സിനുണ്ടാകും. കേരളത്തിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലാകും കോഴ്സ് നടത്തുക. ഈ മാസം 31 വരെ കോഴ്സിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://asapkerala.gov.in/