തിരുവനന്തപുരം: അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന മിനിരത്ന കമ്പനിയായ ഗാർഡൺ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻ്റ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും(GRSE) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (KEL) തമ്മിൽ
വിവിധമേഖലകളിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്ക്കും കോസ്റ്റ് ഗാർഡിനും വേണ്ടി യുദ്ധക്കപ്പലുകളും മറ്റ് കപ്പലുകളും നിർമ്മിക്കുന്നതിൽ പ്രധാന പങ്കാണ് GRSE വഹിച്ചുകൊണ്ടിരിക്കുന്നത്. കപ്പലുകൾക്കാവശ്യമായ പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീൽ ബ്രിഡ്ജുകൾ, വിവിധ ഡെക്ക് മെഷിനറി ഉൽപ്പന്നങ്ങൾ എന്നിവയും നിർമ്മിക്കുന്ന GRSEയുമായി ഇന്ന് KEL ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം പ്രകാരം കാർബൺ ഫൈബർ കോമ്പോസിറ്റ് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞ ബെയിലി പാലങ്ങൾ കേരളം നിർമ്മിച്ചുനൽകും. ട്രാൻസ്ഫോർമറുകൾ, ആൾട്ടർനേറ്ററുകൾ, സസ്പെൻഷൻ ബ്രിഡ്ജുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ നാവികസേനയുടെ സ്പെസിഫിക്കേഷൻ പ്രകാരം നിർമ്മിച്ചുനൽകാനും ധാരണയായിട്ടുണ്ട്.
നിയമമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ, GRSE സിഎംഡി പി ആർ ഹരി, ഐഎൻ (റിട്ട.), കെൽ മാനേജിംഗ് ഡയറക്ടർ കേണൽ ഷാജി എം വർഗീസ് (റിട്ട.) എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമവും ലാഭകരവുമാക്കിമാറ്റുക എന്ന സംസ്ഥാന സർക്കാരിൻ്റെ നയത്തിന് ഊർജ്ജം നൽകുന്നതാണ് ഇന്ന് ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.