തിരുവനന്തപുരം; പ്രതിദിനം ആറ് കോടിയോളം രൂപ കൈകാര്യം ചെയ്യപ്പെടുന്ന കെഎസ്ആർടിസിയിൽ പ്രത്യേകമായുളള അക്കൗണ്ടിംഗ് വിഭാഗം നിലവിൽ വന്നു. 2022 ജനുവരി 13 ന് കോർപ്പറേഷനും, അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഒപ്പ് വെച്ച ദീർഘകാല സേവന വേതന കരാർ പ്രകാരമാണ് തീരുമാനം.
കെഎസ്ആർടിസിയിൽ ഇത് വരെ അക്കൗണ്ട്സ് , ബുക്ക് കീപ്പിംഗ് എന്നിവയിൽ യോഗ്യതയുള്ളവരെ നിയോഗിക്കാനോ, പ്രതിദിന-മാസ കണക്കുകൾ യഥാ സമയം അക്കൗണ്ട്സ് , ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് തത്വങ്ങൾ അനുസരിച്ച് കൃത്യമായ കണക്കുകൾ രേഖപ്പെടുത്തുന്നതിനോ, ഓരോ ബസിന്റേയും/ യൂണിറ്റിന്റേയും കണക്കുകൾ വിശകലനം ചെയ്യുന്നതിനോ വേണ്ടി പ്രത്യേകമായ ഒരു അക്കൗണ്ടിംഗ് വിഭാഗം ജീവനക്കാർ ഇല്ലായിരുന്നു. ഇത് കാരണം 2017-18 വർഷം വരെ മാത്രമേ കോർപ്പറേഷന്റെ ഓഡിറ്റ് പൂർത്തികരിച്ചിട്ടുള്ളൂ. ദിവസേന യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന കണക്കുകളിൽ വലിയ വ്യത്യാസമാണ് കണ്ടുവരുന്നത്. തൊഴിലാളി സംഘടനകളുമായി ഒപ്പിട്ട ദീർഘകാല കരാറിലാണ് നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നും യോഗ്യയുള്ളവരെ വിന്യസിച്ച് അക്കൗണ്ടിംഗ് വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചത്.
ഇതിനായി നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിൽ നിന്നും ബി. കോം, എം.കോം വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാരെ പുനർ വിന്യസിച്ചാണ് അക്കൗണ്ട്സ് വിഭാഗം രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ചീഫ് ഓഫീസ്, ജില്ല ഓഫീസ്, ഡിപ്പോ എന്നിവിടങ്ങളിലായി 17 സൂപ്രണ്ട്മാരേയും, 165 അസിസ്റ്റന്റ് വിഭാഗം ജീവനക്കാരേയുമാണ് പ്രാഥമികമായി അക്കൗണ്ട്സ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. യോഗ്യതയുള്ള
അസിസ്റ്റന്റുമാരുടെ എണ്ണം മതിയാകാത്ത സാഹചര്യം ഉണ്ടായാൽ ഡ്രൈവർ ഒഴികെയുള്ള മറ്റ് വിഭാഗങ്ങളിലെ ബി. കോം,എം. കോം ബിരുദമുള്ള ജീവനക്കാരെയും പരിഗണിക്കും.
അക്കൗണ്ട്സ് വിഭാഗത്തിൽ സ്ഥിര നിയമനത്തിന് താൽപര്യമുള്ള ജീവനക്കാർ 2023 ഫെബ്രുവരി 28 ന് മുൻപായി അവരവരുടെ സമ്മതപത്രം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലോ/ ചീഫ് ഓഫീസിലെ A & V വിഭാഗത്തിലും ( ചീഫ് ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്റിൽ ഉള്ളവർ മാത്രം ) നൽകേണ്ടതാണ്. ഇപ്പോഴത്തെ നിമയനങ്ങൾ നിലവിൽ താൽക്കാലികമായിക്കും. 2023 ഏപ്രിൽ 1 മുതൽ നിശ്ചിത യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി മേൽപറഞ്ഞ രീതിയിൽ പുതിയ കേഡർ രൂപീകരിച്ച് സ്ഥിര ജീവനക്കാരുള്ള അക്കൗണ്ടിംഗ് വിഭാഗമായി മാറ്റും.
ഇതോടൊപ്പം അക്കൗണ്ടിംഗ് / കോസ്റ്റിങ്ങിനായി ERP സോഫ്റ്റ് വെയറിനായും ടെൻഡറുകൾ വിളിച്ചിട്ടുണ്ട്. ഇതും പ്രാവർത്തികമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.