തിരുവനന്തപുരം: ലാൻഡ് റവന്യൂ കമീഷണറായി ടി വി അനുപമയെ നിയമിച്ചു. ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഗ്രേഡിൽ ഒരു വർഷത്തേയ്‌ക്ക് എക്‌സ് കേഡർ പോസ്റ്റ് രൂപീകരിച്ചാണ് നിയമനം. ലാൻഡ് റവന്യൂ കമീഷണറുടെ പദവി അഡീഷണൽ സെക്രട്ടറിയുടേതിന് തത്തുല്യമാക്കുകയും ചെയ്‌തു. ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രൊജക്ട് മാനേജർ, നാഷണൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രൊജക്ട് എന്നിവയുടെ പൂർണചുമതലയും അനുപമയ്‌ക്ക് നൽകി. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ജലവിഭവ വകുപ്പിന്റെ പൂർണ ചുമതലയും നൽകി. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പൊഴികെ നിലവിലുള്ള വഹിക്കുന്ന ചുമതലകൾ അദ്ദേഹം തുടരും.
പ്ലാനിങ് ആന്റ് ഇക്കണോമിക് അഫയേഴ്‌സ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാറിന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ പൂർണ അധികചുമതല നൽകി. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിങ് വകുപ്പിന്റെ അധികചുമതല, ആസുത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ പദവികളും പുനീത്‌കുമാർ വഹിക്കും.
ജലവിഭവ വകുപ്പ് സെക്രട്ടറിയായി പ്രണബ്‌ജ്യോതിനാഥ് തുടരും. കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെ പൂർണ അധിക ചുമതല, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ എംഡി സ്ഥാനം എന്നിവയും അദ്ദേഹത്തിനാണ്.
ലേബർ കമീഷണർ ഡോ. കെ വാസുകിക്ക് ലോക കേരള സഭയുടെ പൂർണ അധികചുമതല കൂടി നൽകി.എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടറായി ഡോ. വീണ എൻ മാധവനെ നിയമിച്ചു. കേരള അക്കാദമി ഓഫ് സ്കിൽസ് എക്‌സലൻസ് മാനേജിങ് ഡയറക്ടറുടെ ചുമതലയും വീണയ്‌ക്കാണ്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ഡോ. എസ് കാർത്തികേയനെ നിയമിച്ചു. സംസ്ഥാന ജിഎസ്‌ടി കമീഷണറുടെ ചുമതലും ഇദ്ദേഹം വഹിക്കും.
ദേശീയാരോഗ്യ ദൗത്യം(ആരോഗ്യ കേരളം) സംസ്ഥാന മിഷൻ ഡയറക്ടറായി കെ ഗോപാലകൃഷ്‌ണനെ നിയമിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് എംഡി, വിഴിഞ്ഞം പുനരധിവാസ പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകളിൽ അദ്ദേഹം തുടരും.
സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറായി എ ഷിബുവിനെ നിയമിച്ചു. ഭക്ഷ്യ സുരക്ഷാ കമീഷണർ വി ആർ വിനോദിന് കയർ വികസന വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി.
കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായി അനുപം മിശ്രയെ നിയമിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്കയ്‌ക്ക് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആന്റ് മോണിറ്ററിങ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ എന്നിവയുടെ പൂർണ അധിക ചുമതലയും നൽകി. സ്പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് വകുപ്പ് ഡയറക്ടർ പ്രേം കൃഷ്‌ണന് ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ട(ജനറൽ)റുടെ പൂർണ അധിക ചുമതലയും നൽകി.