ആസ്വാദനത്തിന് പുതിയ തലം സമ്മാനിച്ച് ഒറ്റൂരിലെ ഭിന്നശേഷി കലോത്സവം. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായാണ് 'നിറവ്' എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചത്. ഞെക്കാട് എൽപിഎസിൽ നടന്ന പരിപാടിയിൽ 28 കുട്ടികൾ പങ്കെടുത്തു. സമാപന ചടങ്ങ് ഒ. എസ്. അംബിക എം. എൽ. എ ഉദ്ഘാടനം ചെയ്തു.
പാട്ടിലും നൃത്തത്തിലും , ചിത്രരചനയിലും കസേരകളിയിലുമൊക്കെ കാണികളിൽ കൗതുകം നിറക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം. കൂട്ടത്തിൽ അമ്മയുടെ കൈ വിടാൻ മടിച്ചു കുറുമ്പ് കാട്ടിയ തനി 'അമ്മക്കുട്ടികളും' ഉണ്ടായിരുന്നു. പാട്ടു പാടിയിട്ടും മതിവരാതെ മൈക്ക് കൈമാറാൻ മടികാട്ടിയ വിരുതൻ വേദിയിൽ ചിരി പടർത്തി.സമ്മാനം വാങ്ങാനും വളരെ ആവേശത്തോടെ കുട്ടികൾ വേദിയിലെത്തി. കാണികളുടെ മനസ്സും നിറച്ചാണ് ഒറ്റൂരിലെ ഭിന്നശേഷി കലാമേള അവസാനിച്ചത്.