ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷം കുടിശ്ശികയില്ലാതെ പാചകത്തൊഴിലാളികൾക്കുള്ള വേതനവും പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് നൽകാനുള്ള വിഹിതവും മുടക്കമില്ലാതെ വിതരണം ചെയ്യാനാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഫണ്ടിന്റെ അപര്യാപ്തത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 167 കോടി രൂപയുടെ വിനിയോഗ അനുമതി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് പണം എത്തുകയും ചെയ്തിട്ടുണ്ട്.
ഈ തുക ഉപയോഗിച്ച് പാചക തൊഴിലാളികൾക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും വരും ദിവസങ്ങളിൽ ലഭ്യമാക്കാനാകും. പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് നൽകുന്ന വിഹിതത്തിലെ കുടിശ്ശികയും വരും ദിവസങ്ങളിൽ തീർക്കുമെന്നും മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.