എറണാകുളം: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ എന്റെ ഭൂമി ഡിജിറ്റൽ സർവേയുടെ ജില്ലാതല ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് (ചൊവ്വാഴ്ച്ച) നടക്കും. ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ എരുവേലി കാർഷിക വിപണന കേന്ദ്രം ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രാവിലെ പത്തിന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിൽ നിന്നായി 13 വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിജിറ്റൽ സർവേയിലൂടെ കൃത്യമായ സർവെ റെക്കോഡുകൾ തയ്യാറാക്കുന്നതിന് സാധിക്കും. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവേ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖ ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകും.
ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥി ആകും. ജില്ലാ കളക്ടർ ഡോ.രേണു രാജ് സ്വാഗതം ആശംസിക്കും. എം.പിമാരായ തോമസ് ചാഴിക്കാടൻ, ഹൈബി ഈഡൻ, മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജിൻ, കെ.ബാബു, ഉമാ തോമസ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, കെ.ജെ മാക്സി, കെ.എൻ ഉണ്ണികൃഷ്ണൻ, എൽദോസ് പി. കുന്നപ്പിളളിൽ, അൻവർ സാദത്ത്, റോജി എം. ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, നഗരസഭാ അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 9.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് ജില്ലാതല ഉദ്ഘാടനം.