May 02, 2024

Login to your account

Username *
Password *
Remember Me

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങൾ, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിങ് ലൈറ്റ്, സിഗ്‌നൽ ലൈറ്റ് മുതലായവ കർശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഉന്നതതലയോഗത്തിന്റേതാണ് തീരുമാനങ്ങൾ.

വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽപ്പെട്ട വാഹനത്തിൽ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലർ, വർക്ക്ഷോപ്പ് എന്നിവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതിന് പോലീസിൽ പരാതി നൽകുവാൻ പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യെ ചുമതലപ്പെടുത്തി.

കേരളത്തിലെ 86 ആർ.ടി. ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥർക്ക് അതാത് ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നൽകും. വാഹനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ തലത്തിൽ കുറഞ്ഞത് 15 വാഹനങ്ങൾ ചെക്കിങ്ങുകൾ നടത്തും. അതിനു മുകളിൽ സംസ്ഥാന തലത്തിൽ സൂപ്പർ ചെക്കിങ്ങുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ജോയിന്റ് ആർ.ടി.ഒ. തുടങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസേഴ്‌സ് ചെക്കിങ്ങുകൾക്ക് നേതൃത്വം നൽകും.

ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുവാൻ സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേർന്ന് കർശന പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസർച്ചിൽ (IDTR) റിഫ്രഷർ ട്രെയിനിംഗിനു ശേഷം മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.

ഏകീകൃത കളർ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനം ഉടൻ കർശനമായി നടപ്പിലാക്കും. കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാൻ മൊബൈൽ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങൾക്ക് വാട്ട്സ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം.
വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വർദ്ധിപ്പിക്കും.

ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ്. കാൻസൽ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. എ.ആർ.ഐ. അംഗീകാരമുള്ള നിർമ്മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഫ്രീ മൂവ്‌മെന്റ് അനുവദിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം റദ്ദാക്കി തമിഴ്‌നാട് മാതൃകയിൽ കേരളത്തിലും വാഹനനികുതി ഈടാക്കുവാൻ തീരുമാനിച്ചു. അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ നവംബർ 1 മുതൽ കേരളത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റേണ്ടതാണ്.

ഡ്രൈവർമാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്ന കാര്യം പരിശോധിക്കും.

വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുവാൻ സഹായിക്കുന്ന വർക്ക്ഷോപ്പുകൾതിരെ നടപടി കൈക്കൊള്ളും.

ഈ മാസം 15-ന് മുൻപ് 4 സോണിലെയും എല്ലാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും യോഗം ട്രാൻസ്പോർട്ട് കമ്മീഷണർ വിളിച്ചു ചേർത്ത് നടപടികൾ ത്വരിതപ്പെടുത്തും.

സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവരും പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.