November 24, 2024

Login to your account

Username *
Password *
Remember Me

സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കം; സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി;

  മന്ത്രി വി ശിവൻകുട്ടിയോടൊപ്പം  ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മന്ത്രി വി ശിവൻകുട്ടിയോടൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ
സംസ്ഥാനത്ത് സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് ഒക്ടോബർ 6ഇന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. സമാധാനപൂർവ്വവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ കുട്ടികൾ, അനന്തര തലമുറകൾ വളർന്നുവരുന്നതു കാണണമെന്നതാണ് മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്താണ് മയക്കുമരുന്ന്. ആ സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. അതിൻറെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കാനാണു ഈ വിധത്തിൽ ക്യാമ്പയിൻ.

മയക്കുമരുന്നിന്റെ ഉപയോഗം കുടുംബത്തെ തകർക്കുന്നു. കുടുംബ ബന്ധങ്ങളെ തകർക്കുന്നു. സാമൂഹ്യ ബന്ധങ്ങളെ തകർക്കുന്നു. നാടിനെ തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപിക്കാനാവുന്നതും സങ്കല്പിക്കാൻ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻറെ ഫലമായി സമൂഹത്തിൽ നടക്കുന്നത്.

സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രത കാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് "നോ റ്റു ഡ്രഗ്സ്" എന്ന അതിവിപുലമായ ഒരു ജനകീയ ക്യാമ്പയിൻ കേരളസർക്കാർ ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലഹരിയുടെ ദല്ലാൾമാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത് കുട്ടികളെ ആയതിനാലാണ് സ്‌കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ പ്രധാനമായും
സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലഹരിവിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിൽ ആണ്. കരിക്കുലം കമ്മിറ്റി ഇക്കാര്യം വിശദമായി പരിഗണിക്കും. വിദ്യാലയങ്ങളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചുമതലകൾ നൽകി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കും. ഈ പോരാട്ടത്തിൽ ഓരോരുത്തരും യോദ്ധാക്കൾ ആണ്. നാടിന്റെ ആരോഗ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി വി ശിവൻകുട്ടി ആഹ്വാനം ചെയ്തു.

തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്, മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇതോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. നവംബർ 1 വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ആണ് ഒന്നാംഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.