May 03, 2024

Login to your account

Username *
Password *
Remember Me

'എസൻസ് ഗ്ലോബൽ; :യുക്തിവാദികൾക്കിടയിലും സംഘ്ആശയപ്രചാരണം ശക്തിപ്പെടുന്നു

കൊച്ചി: യുക്തിവാദികൾക്കിടയിലും സംഘ്പരിവാർ അനുകൂല ആശയ പ്രചാരണം ശക്തിപ്പെടുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് യുക്തിവാദനിലപാടുള്ള യുവാക്കളെയും വിദ്യാർഥികളെയും ഇവർ ആകർഷിക്കുന്നത്. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന എസൻസ് ഗ്ലോബൽ എന്ന സംഘടനയാണ് ഇതിൽ മുന്നിൽ. അതേസമയം, സംഘ്പരിവാർ നിലപാടിനെ ചൊല്ലിയുണ്ടായ ഭിന്നതമൂലം ഈ സംഘടനയിൽ പ്രകടമായ പിളർപ്പുമുണ്ടായിട്ടുണ്ട്.

ഒക്ടോബർ രണ്ടിന് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കൊച്ചിയിൽ 'ലിറ്റ്മസ്' എന്ന പേരിൽ മെഗാ യുക്തിവാദി സംഗമത്തിനൊരുങ്ങുകയാണ് എസൻസ് ഗ്ലോബൽ. ഇതിൽനിന്ന് ഭിന്നിച്ചവർ അന്നുതന്നെ ആലപ്പുഴയിൽ 'നാം' എന്നപേരിൽ മറ്റൊരു സമ്മേളനം നടത്തുന്നുണ്ട്. പ്രമുഖ യുക്തിവാദി പ്രഫ. സി. രവിചന്ദ്രനാണ് എസൻസ് ഗ്ലോബലിന് നേതൃത്വം നൽകുന്നത്. മറ്റൊരു യുക്തിവാദി ചിന്തകനായ ഡോ. വിശ്വനാഥൻ സി.വി.എന്നാണ് ആലപ്പുഴയിലെ യോഗത്തിലെ മുഖ്യപ്രഭാഷകൻ.

രവിചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന വലതുപക്ഷ ആശയ അധിനിവേശം എന്നതാണ് കേരളീയ സ്വതന്ത്ര ചിന്താ മണ്ഡലം നേരിടുന്ന അടിയന്തര പ്രതിസന്ധിയെന്നാണ് ഡോ. വിശ്വനാഥൻ ഫേസ്ബുക്ക് പേജിൽ എസൻസ് ഗ്ലോബലിനെക്കുറിച്ച് പറയുന്നത്. സവർക്കറൈറ്റ് നാസ്തികത പ്രതിരോധിക്കപ്പെടണമെന്ന് ചിന്തിക്കുന്നവർ മാത്രമേ ആലപ്പുഴയിലെ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറയുന്നു.

യുക്തിവാദികളുടെ പരമ്പരാഗത ഇടതു നിലപാടുകളിൽനിന്ന് വ്യത്യസ്തമായ നിലപാടുകളാണ് രവിചന്ദ്രന്റെ നേതൃത്വത്തില്‍ എസൻസ് ഗ്ലോബൽ മുന്നോട്ടുവെക്കുന്നത്. ഗോദ്സെ മതഭീകരനോ ക്രിമിനലോ ആയിരുന്നില്ല, സവർക്കർ സ്വാതന്ത്ര്യസമരത്തിൽ ധീരമായി പോരാടിയ നേതാവാണ് തുടങ്ങിയ നിലപാടുകളും എസൻസ് ഗ്ലോബലിന്‍റെ സംഘ് പക്ഷപാതിത്വം വെളിപ്പെടുത്തുന്നു. മതങ്ങൾക്കെതിരായ നിലപാട്, നിരീശ്വരവാദം, ശാസ്ത്രീയ കാഴ്ചപ്പാട് എന്നിവ അടിസ്ഥാന മുദ്രാവാക്യമാക്കി പ്രവർത്തിക്കുന്ന യുക്തിവാദ സംഘടനകൾ രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങളാൽ അനേക ഗ്രൂപ്പുകളായി പിരിഞ്ഞ നിലയിലാണ്. അതിനിടെയാണ് വളർന്നുവന്ന എസൻസ് ഗ്ലോബലും ഇപ്പോൾ പിളർന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.