കൊച്ചി: കൊച്ചിയിലും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയത് 12,138 പേരെന്ന് കണക്കുകൾ. ഇതിൽ 1,049 പേർക്കും തെരുവ് നായയിൽ നിന്നാണ് കടിയേറ്റത്. സെപ്റ്റംബർ മാസത്തിൽ മാത്രം 39 പേർക്കാണ് കൊച്ചിയിൽ തെരുവ് നായയുടെ കടിയേറ്റത്. തെരുവ് നായശല്യം പരിഹരിക്കാൻ നടപടി നഗരസഭ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ട്വന്റിഫോർ എക്‌സ്‌ക്ലുസീവ്.
ആളൊഴിഞ്ഞ ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല ആൾത്തിരക്ക് ഉള്ള നഗരത്തിലും തെരുവിനായുടെ ശല്യം അനുദിനം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് കൊച്ചിയിൽ ചികിത്സ തേടിയെത്തിയത് 12,138 പേർ ഇതിൽ 1049 പേർക്ക് തെരുവുനായയിൽ നിന്നാണ് കടിയേറ്റത്. ജൂലൈയിൽ 226 പേർക്കും ആഗസ്റ്റിൽ 154 പേർക്കും തെരുവ് നായയുടെ കടിയേറ്റു.
സെപ്റ്റംബർ 11 വരെ 39 പേരാണ് കൊച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കും ജീവനക്കാർക്കും ഉൾപ്പെടെ പ്രതിവർഷം 18 ലക്ഷം രൂപയാണ് കൊച്ചി നഗരസഭ മാറ്റിവയ്ക്കുന്നത്. ഈ തുക വേണ്ടപോലെ വിനിയോഗിക്കപ്പെടുന്നില്ലെന്നും ആരോപണം ഉണ്ട്.