തിരുവനന്തപുരം: ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിൽ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിന്റെ പാവകളെ വി.സിമാരായി നിയമിക്കാനാണ് നീക്കമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബില്ലിന്മേൽ നിയമസഭയില്‍ വലിയ വാഗ്വാദങ്ങളാണ് നടന്നത്. ആര്‍.എസ്.എസ്‌വല്‍ക്കരണം തടയാനും ജനാധിപത്യം ഉറപ്പിക്കാനുമാണ് ഭേദഗതിയെന്ന് ഭരണപക്ഷം വാദിച്ചു. ജനാധിപത്യവല്‍ക്കരണത്തിനും അക്കാദമിക് താല്‍പര്യങ്ങള്‍ ഉറപ്പാക്കാനുമാണ് ഭേദഗതി ബില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റ്‌വല്‍ക്കരണം ലക്ഷ്യമിട്ടാണ് ഭേദഗതി ബില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
നിയമതടസം ഒഴിവാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന് പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തിയ ഭേദഗതിക്കാണ് സഭ അംഗീകാരം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവില്ല. പകരം വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന ആളെ അംഗമാക്കുന്ന രീതിയിലാണ് ഭേദഗതി. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. ഗവര്‍ണര്‍ നേരത്തെ ഉയര്‍ത്തിയ പരസ്യ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇക്കാര്യത്തില്‍ മാറ്റം വരുത്തിയത്.