ഇടുക്കി: മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണം.
അതേസമയം, ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നതിനാലാണ് 3 ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അപകടസാധ്യതയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
നേരത്തെ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍, നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുകയായിരുന്നു. ഡാമിന്റെ 2, 3, 4 ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. 150 ക്യുമക്‌സ് ജലം അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്. ഉച്ചയോടെ 200 ക്യുമക്‌സ് ജലം പുറത്തുവിടും. 2385.45 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് വില്ലേജുകളിലും, വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.