തിരുവനന്തപുരം: ഓഫീസിൽ എത്തുന്ന ജനങ്ങളോട് മാന്യതയോടും സൗമ്യതയോടും പെരുമാറണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തെക്കൻ മേഖല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓഫീസുകൾ ജനസൗഹൃദമാകണം . സേവനം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയമാക്കുകയും ചെയ്യും . പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് കൃത്യമായി പ്രവർത്തിക്കണം.
എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും സ്കൂളുകളിലെയും ടെലഫോൺ സംവിധാനം കാര്യക്ഷമമാക്കണം. ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണം. പെൻഷൻ ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ സംവിധാനം ഒരുക്കണം . ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് ഓരോ വിദ്യാഭ്യാസ ഓഫീസർമാർക്കും വ്യക്തമായ ഉത്തരവാദിത്തമുണ്ട് .
സ്കൂൾ പരിസരം ശുചിത്വം ഉള്ളതാണോ എന്ന് ഉറപ്പുവരുത്താൻ നടപടികൾ വേണം. ഒന്നാം പാദ പരീക്ഷയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നന്നായി നടത്തണം. ഒന്നാം വർഷ ഹയർ സെക്കൻഡറി അഡ്മിഷൻ ആർക്കും ബുദ്ധിമുട്ടില്ലാത്ത വിധം നടപ്പാക്കണം. അധ്യാപക - രക്ഷകർതൃ സമിതികൾ നിലവിലില്ലാത്ത സ്കൂളുകളിൽ അവ സംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരന്തര പരിശോധന വേണം .സ്കൂളുകൾക്ക് സമീപം കടകളിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്നറിഞ്ഞാൽ തൽസമയം പോലീസിലും എക്സൈസിലും വിവരം നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.
യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ,തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജിയണൽ ഡപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.