ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നു. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂൾ കർവ്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാർപ്പിച്ചു.
മധ്യ വടക്കൻ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള പത്ത് ജില്ലകളിൽ റെഡ് അലേർട്ടും ബാക്കിയുള്ള നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. നാളെയും 9 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകട സാധ്യതാമേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യതൊഴിലാളികൾക്ക് കർശന വിലക്കുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ,കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേരള എംജി കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിൽ എല്ലാ പരീക്ഷകളും മാറ്റിവെച്ചു, കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറം നിലമ്പൂരിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. മലപ്പുറത്ത് നാടുകാണി ചുരം വഴി മൂന്ന് ദിവസം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടാൻ സംസ്ഥാനത്ത് 9 എൻഡിആർഎഫ് സംഘങ്ങളിൽ വിവിധ ജില്ലകളിൽ തുടരുന്നുണ്ട്.