തിരുവനന്തപുരം: : പട്ടികവിഭാഗം ആളുകളുടെ ഉന്നമനത്തിനായി 2011 കോടി രൂപയുടെ വികസനപദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വഴി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ജനസംഖ്യാ ആനുപാതികമായി നോക്കുമ്പോൾ കൂടുതൽ തുകയാണ് പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അപ്പോളൊ കോളനിയുടെ നവീകരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 8.5 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മന്ത്രി തുടക്കം കുറിച്ചു.
ജില്ലയിലെ ഏറ്റവും വലിയ കോളനിയാണ് അപ്പോളൊ കോളനി. ജനസാന്ദ്രത ഏറെയുള്ള കോളനിയിൽ നിന്നും മാറി താമസിക്കാൻ താല്പര്യമുള്ള ആളുകളെ ലൈഫ് പദ്ധതിപ്രകാരം ഭൂരഹിത- ഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി മാറ്റിപാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗം ആളുകളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും നിരവധി പദ്ധതികൾ നടപ്പിലാക്കും. പോളിടെക്നിക് , ഐ.ടി.ഐ, ബി.ടെക് പാസ്സായ 500 എസ്. സി എസ്. ടി വിദ്യാർത്ഥികളെ രണ്ട് വർഷത്തേക്ക് അക്രെഡിറ്റെഡ് എഞ്ചിനീയർമാരായി തദ്ദേശ സ്ഥാപനങ്ങളിൽ നിയമിക്കും. ഇവർക്കുള്ള ശമ്പളവും പരിശീലന സർട്ടിഫിക്കറ്റും വകുപ്പിൽ നിന്നും നൽകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ നഴ്സിംഗ് പാരാമെഡിക്കൽ പഠനം കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളിൽ 2 വർഷത്തേക്ക് ജോലിയും വിദേശഭാഷ പഠനത്തിന് സഹായവും നൽകും. പട്ടികജാതി വകുപ്പിന്റെ ആനുകൂല്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും എന്നാൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അപ്പോളൊ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ പണിയുന്നതിലേക്കും മറ്റെല്ലാ വികസന പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷനായി. പിന്നാക്ക വിഭാഗം ആളുകളുടെ കുറവുകൾ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവിടെ താമസക്കാരായ ജനങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗാർഹിക മാലിന്യ സംസ്കരണം, കുടിവെള്ള ലഭ്യത തുടങ്ങിയ സമഗ്ര കോളനി വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം അഞ്ചേക്കർ, തൊപ്പിനകം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 80 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്ക് വിത്ത് സോക്പിറ്റ് സംവിധാനം ഏർപ്പെടുത്തും. 90 വീടുകളില്‍ ശൗചാലയങ്ങൾ നിർമ്മിക്കും . വീടുകളുടെ പുനരുദ്ധാരണവും നിർമ്മാണവും, 49 പഠന മുറികളുടെ നിർമ്മാണം, കൂടാതെ റോഡ് കോണ്‍ക്രീറ്റ്, റീടാറിംഗ് ഉള്‍പ്പെടുന്ന അടിസ്ഥാന വികസന പദ്ധതികളും കിണറുകളുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.ജൈവമാലിന്യ കമ്പോസ്റ്റും ഓടകളുടെ നവീകരണവുമടക്കം പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
അപ്പോളൊ കോളനിയിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് അംഗങ്ങളായ എം. ജലീൽ, ഉനൈസാ അൻസാരി,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാർ, വാർഡ് മെമ്പർമാർ, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ അംബിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.