തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശിയ സാംസ്‌കാരിക ഇൻസ്റ്റിട്യൂട്ടിൽ, മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിന്റെ ആഘോഷങ്ങൾ , ആശാൻസൗധനിർമാണം എന്നിവയുടെ ഉദ്ഘാടനവും ആശാൻ കാവ്യശിൽപത്തിന്റെ സമർപ്പണവും നാളെ (ജൂലായ് 23) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംവത്സരദിർഘമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് കുമാരനാശാൻ ദേശിയസാംസ്‌കാരിക ഇൻസ്റ്റിട്യൂട്ടും കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷനും പല്ലന ആശാൻ സ്‌മാരക സമിതിയും ചേർന്നാണ്. കേരള സാഹിത്യ അക്കാദമിയും സമാനങ്ങളായ സ്ഥാപനങ്ങളും ഇതിൽ സഹകരിക്കുന്നു.
സാംസ്‌കാരിക കാര്യ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നാളെ (ജൂലായ് 23) കൂടുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രൊഫ. എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാൻ കൂടിയായ വി.ശശി എം.എൽ.എ , അടൂർ പ്രകാശ് എം.പി , കടകംപള്ളി സുരേന്ദ്രൻ എം .എൽ.എ , പെരുമ്പടവം ശ്രീധരൻ എന്നിവർ മുഖ്യാതിഥികൾ , കെ.ജയകുമാർ ഐ.എ.എസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
സമ്മേളനാരംഭത്തിനു മുൻപ് മലയാളം പള്ളിക്കൂടത്തിലെ കുട്ടികളുടെ ആശാൻ കവിതാലാപനവും, സമ്മേളനാവസാനം കല്ലറഗോപൻ , ശ്രീറാം എന്നിവർ നയിക്കുന്ന ആശാൻ കാവ്യ സംഗീതികയും ശ്രീമതി. സൗമ്യയുടെ 'ചിന്താവിഷ്ടയായ സീത' നൃത്താവിഷ്‌കാരവും ഉണ്ടായിരിക്കും
ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മവാർഷികാഘോഷ ഭാഗമായി സംസ്ഥാന - ദേശീയ - അന്തർ ദേശീയ തലങ്ങളിൽ സെമിനാറുകളും, സിമ്പോസിയങ്ങളും, ആശാൻ കൃതികളുടെ പുതിയ പതിപ്പുകളുടെ പ്രകാശനം , ഭാരതീയ ഭാഷകളിലേക്കുള്ള വിവർത്തനത്തിന് ശിൽപശാലകൾ, പ്രബന്ധ രചന - കാവ്യാലാപനം - കാവ്യരചന തുടങ്ങി വിവിധ മത്സരങ്ങൾ , ദേശീയ കവി സമ്മേളനം, ആശാൻ കവിതകളുടെ വ്യത്യസ്‍ത രംഗാവതരണങ്ങൾ, ചലച്ചിത്രാവതരണങ്ങൾ, പ്രദർശനങ്ങൾ, ആശാന്റെ പ്രജാസഭാംഗത്വവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ, ആശാൻ വസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതുമായ ബാംഗ്ലൂർ , ചെന്നൈ, പാലക്കാട്, ആലുവ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾ, കേരളീയ നവോത്ഥാനത്തിൽ കുമാരനാശാനും ശ്രീനാരായണഗുരു തുടങ്ങിയവരും വഹിച്ച പങ്കിനെകുറിച്ചുള്ള പഠനങ്ങൾ , സംവാദങ്ങൾ , സാഹിത്യ മണ്ഡലത്തിലെ കുമാരനാശാൻ പ്രഭാവത്തെപറ്റിയുള്ള പഠനങ്ങൾ , 150-ാം ജന്മവാർഷിക സ്മരണികയുടെ പ്രകാശനം എന്നിങ്ങനെ ബഹുവിധമായ പരിപാടികൾ വിഭാവനം ചെയ്യുന്നു. മഹാകവിയുടെ നാമത്തിൽ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നല്‌കാനും ഉദ്ദേശിക്കുന്നു.
150-ാം ജന്മവാർഷികാഘോഷകാലത്ത് നിർമ്മിക്കുന്ന ആശാൻസൗധത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തീയേറ്റർ, ഓഫീസ് സമുച്ചയം, ഡിജിറ്റൽ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറൻസ് - ഗവേഷണ സൗകര്യങ്ങൾ , ബാലകേന്ദ്രങ്ങൾ, എഴുത്തുകാർക്കു താമസ സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ തുടങ്ങി ഒട്ടെറെ സൗകര്യകളുണ്ടാകും.
കുമാരനാശാൻ കാവ്യങ്ങളുടെ അന്തസ്സാരങ്ങളെ ആവിഷ്‌കരിക്കുന്ന ആശാൻ കാവ്യ ശിൽപം, വിഖ്യാത ശില്‌പിയായ കാനായി കുഞ്ഞിരാമന്റെ മറ്റൊരു വിശിഷ്‌ട കാവ്യ സൃഷ്ടിയാണ്. കാനായി തന്നെ രൂപകല്‌പന ചെയ്‌ത കാവ്യോദ്യാനത്തിൽ ഈ ശില്‌പം ലോക ശിൽപ കലാ ചരിത്രത്തിലെ വിസ്‌മയമായി ഉയർന്നു കഴിഞ്ഞിരിക്കുന്നു. കാൽ നൂറ്റാണ്ടോളം മുൻപ് കാനായി കുഞ്ഞിരാമൻ നിർമ്മാണമാരംഭിച്ച ഈ മഹാ ശില്‌പം മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയ്ക്കു സമർപ്പിക്കുന്നതോടെ കാവ്യദർശനത്തിന്റെ ശില്പവിഷ്കാരത്തെപറ്റി പൂതിയൊരധ്യായവും ആരഭിക്കുകയാണ്.