തിരുവനന്തപുരം: എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരിൽ നഗരസഭകൾക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശിൽപ്പശാലകൾ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയിൽ മേയർമാർ, നഗരസഭ ചെയർമാൻമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, നിർവ്വഹണഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.നഗരസഭ തലത്തിൽ ശുചിത്വ, മാലിന്യ സംസ്കരണ പദ്ധതികൾ ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂരിൽ നടക്കുന്ന മേഖല ശിൽപ്പശാലയിൽ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശിൽപ്പശാലയിൽ തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും
തിരുവനന്തപുരത്ത് നടക്കുന്ന ശിൽപ്പശാലയിൽ ആലപ്പുഴ, പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികളും പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങൾക്കനുസരിച്ച് പദ്ധതികൾ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികൾ ശിൽപ്പശാലയിൽ ചർച്ച ചെയ്യും. സെഷനുകൾക്കു ശേഷംനഗരസഭാ തലത്തിൽ ഗ്രൂപ്പ്ചർച്ചയിലൂടെ തുടർപ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കും. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ സെഷനുകൾക്ക്നേ തൃത്വം നൽകും. ഇതോടൊപ്പം സംസ്ഥാന ശുചിത്വമിഷൻ ഡയറക്ടർമാർ പ്രോഗ്രാം ഓഫീസർമാർ എന്നിവരും വിഷയങ്ങൾ അവതരിപ്പിക്കും. സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ കേരളം പദ്ധതികളെക്കുറിച്ചും നഗരസഭാ തലത്തിൽ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളെ ആസ്പദമാക്കിയുള്ള വിദഗ്ദ്ധരുടെ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടക്കും. വടക്കൻ മേഖല ശിൽപ്പശാല ജൂലൈ 16 ന് കണ്ണൂർ, ധർമ്മശാലയിലെ ഇന്ത്യൻ കോഫി ഹൗസ് ഹാളിലും, തെക്കൻ മേഖല ശിൽപ്പശാല ജൂലൈ 19 ന് തിരുവനന്തപുരം ഐ എം ജി ഹാളിലും മധ്യമേഖല ശിൽപ്പശാല ജൂലൈ 25 ന് എറണാകുളം ടൗൺ ഹാളിലും നടക്കും.