സംഘാടകസമിതിഭാരവാഹികളും പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുമായ കെ.പി.റെജി, സുരേഷ് വെളളിമംഗലം, കിരണ്‍ബാബു, അനുപമ.ജി.നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
കേരള മീഡിയ അക്കാദമിയുടെ മൂന്നാമത് 'ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള' നിശാന്ധിയില്‍ ജൂണ്‍ 12 മുതല്‍ 14 വരെ. ലോക കേരളസഭയുടെ സന്ദേശവുമായി ലോക കേരള മാധ്യമസഭ ജൂണ്‍ 15ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായാണ് അന്തര്‍ദ്ദേശീയ പ്രസ് ഫോട്ടോപ്രദര്‍ശനം.
ലോകത്തിന്റെ കണ്ണുകവര്‍ന്ന ചിത്രങ്ങളാണ് ഒരു വിഭാഗത്തില്‍. ഇതില്‍ പുലിസ്റ്റര്‍ െ്രെപസ് നേടിയ ചിത്രങ്ങളും ഉണ്ടാകും. 'അകം പുറം കേരളം' എന്ന തീമില്‍ അധിഷ്ഠിതമായ മറ്റൊരു വിഭാഗവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട എട്ട് വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റിയുളള ഫോട്ടോഫീച്ചര്‍ ഉണ്ടാകും. മുന്‍ മുഖ്യമന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളുടെ ശൃംഖല പ്രമുഖ ഫോട്ടോജേണലിസ്റ്റുകള്‍ അവതരിപ്പിക്കും.
കല്ലച്ചു മുതല്‍ വെര്‍ച്ച്വല്‍ റിയാലിറ്റി വരെയുളള മാധ്യമങ്ങളുടെ സാങ്കേതികവളര്‍ച്ചയുടെ വികാസപരിണാമങ്ങളെപ്പറ്റിയുളള സ്റ്റാളുകളും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സംഘമായി എത്തി അവരുടെ ചിത്രമുളള പത്രവുമായി മടങ്ങുന്നതിനുളള സൗകര്യവും ഉണ്ടാകും. മുതിര്‍ന്ന ഫോട്ടോജേണലിസ്റ്റുകളുടെ സംഗമം, കേരളീയരായ പ്രവാസി റേഡിയോ പ്രക്ഷേപകരുടെ ഒത്തുകൂടല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി അവതരിപ്പിക്കും.
പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭയും അന്തര്‍ദ്ദേശീയ ഫോട്ടോപ്രദര്‍ശനവും നോര്‍ക്കയുടെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ ദര്‍ശനരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന് നല്‍കി പ്രകാശനം ചെയ്യും.
നവകേരള നിര്‍മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുളള രൂപരേഖ തയ്യാറാക്കാനുളള വേദിയാണ് ഇതെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. മൂന്നാമത് ലോക കേരളസഭ 17,18 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നതിന് മുന്നോടിയായിട്ടാണ് ഈ മാധ്യമസംഗമം.
ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിന് പ്രയോജനം കിട്ടുന്ന ആഗോള മാധ്യമസെല്ലുകള്‍ക്ക് രൂപം നല്‍കുക എന്നത് ലോകകേരള മാധ്യമസഭയുടെ ലക്ഷ്യമാണ്. കേരളത്തിന് പുറത്തുളള മലയാളി മാധ്യമപ്രവര്‍ത്തകരുടെയും കേരളീയരുടെ ഉടമസ്ഥതയിലുളള മാധ്യമസ്ഥാപനങ്ങളുടെയും വിവരങ്ങളടങ്ങുന്ന ഒരു ഡയറക്ടറി ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.