ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ; രാത്രി കർഫ്യൂ തുടരും: മുഖ്യമന്ത്രി
കോവിഡ് ബാധിതരായവർ വീടുകളിൽതന്നെ ക്വാറന്റീനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റീ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ
തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കും.
കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായി വിട്ടുപോകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദ്രുതപ്രതികരണ സേന മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീൻ ഉറപ്പുവരുത്തും. ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പർക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുന്ന ആളുകളുടെ എണ്ണം, വാർഡുതല കണ്ടൈൻമെന്റ്/ മൈക്രോ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം, ഗാർഹിക സമ്പർക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയവരുടെയും വിവരങ്ങൾ, ക്വാറന്റീനിലുള്ള എത്ര വീടുകളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങൾ തുടങ്ങിയവ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച് ദിവസേന റിപ്പോർട്ട് ചെയ്യും.
കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം ലഭ്യമാക്കും.
ക്വാറന്റീ്‌നിൽ കഴിയുന്ന രോഗികൾക്ക് അവശ്യവസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാൻ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതു പോലെയുള്ള വലിയ വർദ്ധന ഉണ്ടായിട്ടില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വർദ്ധന ഉണ്ടായില്ല. കോവിഡ് പോസിറ്റീവാകുന്നവരിൽ വാക്‌സിനേഷൻ എടുത്തവരിലും കുറച്ചു പേർക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്‌സിനേഷൻ എടുത്തവർക്കിടയിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവർക്കിടയിലാണ്. അതിനാൽ പ്രായമായവരിൽ വാക്‌സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്‌സിൻ സ്വീകരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.