തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.