കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിയന്ത്രണത്തോടെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കും. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം. കാസര്‍കോട് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തചന്റ തുറമുഖ ,പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ട് സ്വീകരിക്കും. പൊലീസിന്റെ മൂന്ന് പ്ലാറ്റൂണും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണും ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 22,23 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടിനും 25ന് രാവിലെ 8 മണിക്കും റിഹേഴ്‌സല്‍ പരേഡ് നടത്തും. കോവിഡ് വ്യാപന സാഹചര്യത്തില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെ സ്‌റ്റേഡിയത്തില്‍ നിയോഗിക്കും. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, സബ്കളക്ടര്‍ ഡിആര്‍ മേഘശ്രീ , ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഡിഎംഒ (ആരോഗ്യം) കെ ആര്‍ രാജന്‍, തുടങ്ങി വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.