ഭക്ഷ്യ-പൊതുവിതരണ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സത്വരനടപടികളുമായി തൊഴിൽ വകുപ്പും ഭക്ഷ്യ-പൊതുവിതരണ വകുപ്പും. എൻ എഫ് എസ് എ ഗോഡൗണുകളുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ 5 മേഖലാ തർക്കപരിഹാര സമിതികൾ രൂപീകരിക്കും. തൊഴിൽമന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
സപ്ലൈകോയുടെ തിരുവനന്തപുരം, കോട്ടയം,എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിലാണ് സമിതികൾ രൂപീകരിക്കുക. ഈ സമിതികളിൽ തൊഴിൽ വകുപ്പ്, സപ്ലൈകോ,ചുമട്ടു തൊഴിലാളി, ക്ഷേമ ബോർഡ് എന്നിവയുടെ പ്രതിനിധികൾ ഉണ്ടാകും. ലേബർ കമ്മീഷണർക്കാണ് സമിതിയുടെ രൂപീകരണ ചുമതല.
രൂപീകരിച്ച് 20 ദിവസത്തിനകം സമിതികൾ അതാത് മേഖലകളിലെ ഗോഡൗണുകളുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങളുടെ വിശദാംശവും അത് പരിഹരിക്കാനുള്ള സാധ്യമായ നിർദ്ദേശവും തയ്യാറാക്കി ലേബർ കമ്മീഷണർ വഴി മന്ത്രിമാർക്ക് സമർപ്പിക്കും. തുടർന്ന് സപ്ലൈകോ വ്യവസായ ബന്ധ സമിതിയുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും ആവശ്യമായ ചർച്ചകൾ നടത്തി പ്രശ്നപരിഹാര നിർദ്ദേശങ്ങൾ സർക്കാർ ഉത്തരവായി പുറപ്പെടുവിക്കും. പൊതുവിതരണ രംഗത്തെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വകുപ്പുകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കും.
സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു ഐഎഎസ്, ലേബർ കമ്മീഷണർ ഡോ. ചിത്ര ഐ എ എസ്, സപ്ലൈകോ ജനറൽ മാനേജർ ടി പി സലിം കുമാർ ഐ ആർ എസ്, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ, ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിങ് ശ്രീലത, എൻ എഫ് എസ് എ മാനേജർ മോളി യു, എൻ എഫ് എസ് എ അസിസ്റ്റന്റ് മാനേജർ ബോബൻ ആർ, സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി അനിദത് എസ് എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.