ബര്‍മിങ്ഹാം: അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ വനിതാ ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്ന കോമൺവെല്‍ത്ത് ഗെയിംസിലെ മത്സരക്രമമായി. ജൂലൈ 29ന് ഓസ്ട്രേലിയ-ഇന്ത്യ തീപാറും പോരാട്ടത്തോടെയാണ് ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ തുടങ്ങുക. ഓസീസ് ടി20 ലോക ചാമ്പ്യന്‍മാരും ഇന്ത്യ റണ്ണറപ്പുകളുമാണ്.
ഓസ്‌ട്രേലിയയും ഇന്ത്യയും പാകിസ്ഥാനും ബാര്‍ബഡോസുമാണ് എ ഗ്രൂപ്പിലെ ടീമുകള്‍. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കുമൊപ്പം മറ്റൊരു ടീം കൂടി ഗ്രൂപ്പ് ബിയില്‍ യോഗ്യത നേടി എത്തും. ജൂലൈ 31ന് പാകിസ്ഥാനെയും ഓഗസ്റ്റ് മൂന്നിന് ബാര്‍ബഡോസിനേയും ഇന്ത്യന്‍ വനിതകള്‍ നേരിടും. ഓഗസ്റ്റ് ആറിന് സെമി പോരാട്ടങ്ങള്‍ നടക്കും. ഏഴാം തിയതി വെങ്കല മെഡല്‍ പോരാട്ടവും കലാശപ്പോരും അരങ്ങേറും.
ബര്‍മിങ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് ടീമുകള്‍ വനിതാ ക്രിക്കറ്റിന്‍റെ ഭാഗമാകും. എഡ്‌ജ്‌ബാസ്റ്റണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സര വേദി. ആദ്യമായാണ് വനിതാ ക്രിക്കറ്റ് കോമൺവെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമാകുന്നത്. 1998ലെ ക്വലാലംപുര്‍ ഗെയിംസിലായിരുന്നു ക്രിക്കറ്റ് അവസാനമായി മത്സരയിനമായത്. ബര്‍മിങ്ഹാമിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെല്‍ത്ത് ഗെയിംസ് നടക്കുക.