അഹമ്മദാബാദ്: ഐപിഎൽ 2025 സീസൺ നിര്‍ണായകമായ പ്ലേ ഓഫിലേയ്ക്ക് അടുക്കവെ ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടി. ദേശീയ ടീമിന്റെ മത്സരങ്ങളിൽ പങ്കെടുക്കാനായി സൂപ്പര്‍ താരം ജോസ് ബട്ലര്‍ നാട്ടിലേയ്ക്ക് മടങ്ങും. പ്ലേ ഓഫിൽ ബട്ലറുടെ സേവനം ലഭിക്കില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കി സ്ഥിരീകരിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഏകദിന, ടി20 പരമ്പരകളിൽ പങ്കെടുക്കാനായാണ് ബട്ലര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത്. മെയ് 29 മുതൽ ജൂൺ 10 വരെയാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് 83 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തിൽ ജോസ് ബട്ലറുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് വിക്രം സോളങ്കി പ്രതികരിച്ചത്.
ക്രിക്കറ്റ് എന്നാൽ ഒരു ടീം സ്പോര്‍ട്ടാണെന്നും ഗുജറാത്ത് ടൈറ്റൻസ് ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിക്കുന്നില്ലെന്നും സോളങ്കി പറഞ്ഞു. ബട്ലര്‍ പ്ലേ ഓഫിൽ കളിക്കില്ലെന്നിരിക്കെ ഒരു ടീമെന്ന നിലയിൽ തന്നെയാണ് മുന്നോട്ടുള്ള മത്സരങ്ങളെ ഗുജറാത്ത് കാണുന്നത്. ഒരു താരത്തെയോ മൂന്ന് താരങ്ങളെയോ ആശ്രയിക്കുന്ന ടീമല്ല ഗുജറാത്ത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ റൺസ് കണ്ടെത്തുന്നതിൽ സന്തോഷമുണ്ട്. അതിനാൽ തന്നെ പലപ്പോഴും മധ്യനിര ബാറ്റര്‍മാര്‍ക്ക് അവസരം ലഭിക്കാറില്ല. ലഭിക്കുന്ന അവസരങ്ങൾ അവര്‍ മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.