കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. മന്ത്രി ജെ.ചിഞ്ചു റാണി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, കെ.സി. എ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആദ്യഘട്ടത്തില്‍ 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കെസിഎ ആദ്യമായി നിര്‍മ്മിക്കുന്ന ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്‍ഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) അംഗീകൃത സ്റ്റേഡിയം കൂടിയാണ് എഴുകോണിലേത്.2026 അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കും. കൊല്ലം ജില്ലയിലെ കായിക ഭൂപടത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സ്റ്റേഡിയം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭാവിയില്‍ വേദിയാകും. 2015-16 കാലയളവില്‍ കെസിഎ ഏറ്റെടുത്ത സ്ഥലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയാണ്.
അഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള 150 മീറ്റര്‍ വ്യാസമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, കളിക്കാരുടെ ഡ്രസ്സിംഗ് റൂം ഉള്‍പ്പെടുന്ന ആധുനിക പവലിയന്‍, ഓപ്പണ്‍ എയര്‍ ആംഫി തീയേറ്റര്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോര്‍ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇന്‍ഡോര്‍ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങൾക്കുള്ള സൗകര്യങ്ങൾ, അത്യാധുനിക ജിംനേഷ്യം, വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു.