കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് 21 റൺസുമായും എയ്ഡൻ മാര്‍ക്രം 36 റൺസുമായും ക്രീസിലുണ്ട്.
ആദ്യ ഓവറിൽ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് വൈഭവ് അറോറ പുറത്തെടുത്തത്. അഞ്ച് പന്തുകളിൽ റൺസ് വഴങ്ങാതിരുന്ന വൈഭവ് വെറും 3 റൺസ് മാത്രമാണ് ഈ ഓവറിൽ വിട്ടുകൊടുത്തത്. രണ്ടാം ഓവറിൽ എയ്ഡൻ മാര്‍ക്രം സ്പെൻസര്‍ ജോൺസണെതിരെ ആദ്യ ബൗണ്ടറി നേടി. നാലാം പന്തിൽ ഡീപ് സ്ക്വയര്‍ ലെഗ് ബൗണ്ടറി ലൈനിന് മുകളിലൂടെ മിച്ചൽ മാര്‍ഷിന്‍റെ വക മത്സരത്തിലെ ആദ്യ സിക്സറും പിറന്നു. രണ്ടാം ഓവറിൽ ആകെ പിറന്നത് 12 റൺസ്. ഇതോടെ 2 ഓവറുകിൽ സ്കോര്‍ 15ൽ എത്തി.
മൂന്നാം ഓവറിലും വൈഭവ് അറോറ കൃത്യമായ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞതോടെ ലക്നൗ ഓപ്പണര്‍മാര്‍ വിയര്‍ത്തു. ബൗണ്ടറി വഴങ്ങാതെ വെറും 5 റൺസ് മാത്രമാണ് വൈഭവ് വിട്ടുകൊടുത്തത്. എന്നാൽ നാലാം ഓവറിൽ സ്പെൻസര്‍ ജോൺസണെ മാര്‍ക്രം കടന്നാക്രമിച്ചു. രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതം 18 റൺസാണ് ഈ ഓവറിൽ ലക്നൗ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. 5-ാം ഓവറിൽ ടീമിന്‍റെ തുറുപ്പുചീട്ടായ വരുൺ ചക്രവര്‍ത്തിയെ നായകന്‍ അജിങ്ക്യ രഹാനെ പന്തേൽപ്പിച്ചു. നായകന്‍റെ വിശ്വാസം കാത്ത വരുൺ ബൗണ്ടറി വഴങ്ങാതെ വെറും 5 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പുള്ള ഓവറിൽ ഹര്‍ഷിത് റാണയാണ് പന്തെറിയാനെത്തിയത്. ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണ് മാര്‍ക്രം ഹര്‍ഷിതിനെ വരവേറ്റത്. 5.2 ഓവറിൽ ടീം സ്കോര്‍ 50 പൂര്‍ത്തിയാക്കി. മിച്ചൽ മാര്‍ഷും ഒരു സിക്സര്‍ നേടിയതോടെ ഈ ഓവറിൽ പിറന്നത് 16 റൺസ്.