തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോൾ മധ്യപ്രദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭം ശര്‍മയയും എട്ട് റണ്‍സോടെ വെങ്കടേഷ് അയ്യരും ക്രീസിലുണ്ട്. നാലു വിക്കറ്റെടുത്ത എം ഡി നിധീഷാണ് മധ്യപ്രദേശിനെ തകര്‍ത്തത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മധ്യപ്രദേശിന് അഞ്ചാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഏഴ് റണ്‍സെടുത്ത ഹര്‍ഷ് ഗാവ്‌ലി(7)യെ വീഴ്ത്തിയ നിധീഷാണ് മധ്യപ്രദേശിന് ആദ്യപ്രഹരമേല്‍പ്പിച്ചത്. രജത് പാടീദാറിനെ(0) പൂജ്യത്തിന് മടക്കി നിധീഷ് വീണ്ടും മധ്യപ്രദേശിനെ ഞെട്ടിച്ചു. പിന്നാലെ ഹിമാന്‍ഷു മന്ത്രിയെ(15) കൂടി വീഴ്ത്തിയ നിധീഷ് മധ്യപ്രദേശിനെ 30-3ലേക്ക് തള്ളിവിട്ടു.
അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് ഭാട്ടിയയെ(5) ജലജ് സക്സേന വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ആര്യന്‍ പാണ്ഡെയെ(0) ആദിത്യ സര്‍വാതെയും സാരാന്‍ഷ് ജെയിനിനെ(8) നിധീഷും വീഴ്ത്തി. കുമാര്‍ കാര്‍ത്തികേയ(12) ശുഭം ശര്‍മക്ക് പിന്തുണ നല്‍കി ക്രീസില്‍ നിന്നെങ്കിലും സര്‍വാതെ തന്നെ കൂട്ടുകെട്ട് പൊളിച്ചു.
ശുഭം ശര്‍മ-വെങ്കടേഷ് അയ്യര്‍ കൂട്ടുകെട്ടിലാണ് മധ്യപ്രദേശിന്‍റെ അവസാന പ്രതീക്ഷ. കേരളത്തിനായി എം ഡി നിധീഷ് 30 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ 17 റണ്‍സിന് രണ്ടും ജലജ് സക്സേന 23 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയന്‍റോടെ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ 10 പോയന്‍റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.