മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍. അരയ്ജീത് സിംഗ് ഹുണ്ടാല്‍ നാല് ഗോളുകള്‍ നേടി. ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഇന്ത്യ 2-1ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രണ്ട് തവണ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ശ്രീജേഷ്, വിരമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഹനാന്‍ ഷാഹിദിനെ പാകിസ്ഥാന്‍ മുന്നിലെത്തി. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ തന്റെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയ ഹുണ്ടലിലൂടെ ഇന്ത്യ തിരിച്ചടിച്ചു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍, ആദ്യം പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹുണ്ടാല്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് ദില്‍രാജ് സിംഗിന്റെ മറ്റൊരു ഗോളിലൂടെ ഇന്ത്യ 3-1ന് മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ഹാഫ് ടൈമിന് അഞ്ച് സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ സുഫിയാന്‍ ഖാന്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി പാക്കിസ്ഥാനെ 2-3ന് എത്തിച്ചു.
മൂന്നാം ക്വാര്‍ട്ടറില്‍ ഒമ്പത് മിനിറ്റിനുള്ളില്‍ പാകിസ്ഥാന്‍ സമനില നേടിയെങ്കിലും 47-ാം മിനിറ്റില്‍ ഹുണ്ടാല്‍ ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. 54-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ഹുണ്ടാല്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.