ദോഹ: 2025ൽ നടക്കുന്ന ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ 32 ടീമുകൾ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഓരോ നാല് വർഷവും കൂടുമ്പോൾ വിപുലമായ രീതിയിൽ ക്ലബ്ബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം. കോൺഫഡറേഷൻസ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ലോകകപ്പ് എത്തുന്നത്. മുമ്പ് കൊവിഡ് മഹാമാരി കാരണമാണ് ക്ലബ്ബ് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ ശ്രമങ്ങൾ നീണ്ടുപോയത്.
2026ൽ ഫിഫ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി ക്ലബ്ബ് ലോകകപ്പ് കൂടി നടത്താനാണ് നിലവിലെ തീരുമാനം. യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് ഏറ്റുമുട്ടുക. അതേസമയം, ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിന് വേദിയൊരുക്കുക മൊറോക്കോയാണ്. യുഎസ്എയിൽ നിന്നുള്ള സിയാറ്റിൽ സൗണ്ടേഴ്സ്, സ്പെയിനിൽ നിന്നുള്ള റയൽ മാഡ്രിഡ്, ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലൻഡിൽ നിന്നുള്ള ഓൿലാൻഡ് സിറ്റി എന്നീ ടീമുകളാണ് ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്.
ഫെബ്രുവരി ഒന്ന് മുതൽ 11 വരെയാണ് ടൂർണമെന്റ് നടക്കുക. ഒരു വനിതാ ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ വനിതാ ഫുട്സൽ ലോകകപ്പും അവതരിപ്പിക്കും. ഫിഫയുടെ ക്ലബ് മത്സരത്തിന് പുറമെ അണ്ടർ 17 ലോകകപ്പുകളും വാർഷിക ഫോർമാറ്റിലേക്ക് മാറ്റും. ക്ലബ് ലോകകപ്പ് ഒഴികെ 2022 നും 2026 നും ഇടയിലുള്ള നാല് വർഷത്തെ സൈക്കിളിൽ ഫിഫ 11 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത് സെമി ഫൈനൽ വരെ എത്തിയതിന് പുറമെ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് മൊറോക്കോ.