ശക്തമേറിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകർത്ത ബ്രസീലിന് എതിരില്ലാത്ത ഒരു ഗോളിന് ജയം. സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് കസിമെറോ 83-ാം നേടിയ ഗോൾ വിജയം സമ്മാനിച്ചു. വിജയത്തോടെ ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയപ്പോഴും ഫിനിഷങ്ങളിലെ അപാകത ബ്രസീലിന് വിനയായി. ഗോളിലേക്ക് 13 ഷോർട്ടുകളിൽ ഉതിർത്തിട്ടും അഞ്ച് ഷോർട്ട് ഓൺ ടാർഗറ്റ് ഉണ്ടായിട്ടും 83-ാം മിനിറ്റ് വരെ ഗോൾ മാത്രം അകന്നു. നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു വല കുലുക്കിയെങ്കിലും റിച്ചാര്‍ലിസണ്‍ ഓഫ് ആയതിനെ തുടര്‍ന്ന് അത് പാഴായി.
നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും തുടങ്ങി രണ്ട് മാറ്റങ്ങളാണ് പരിശീലകന്‍ ടിറ്റെ ടീമില്‍ വരുത്തിയത്. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
12–ാം മിനിറ്റിൽ ബ്രസീലിനു ഗോൾ നേടാൻ ലഭിച്ച സുവർണാവസരവും പാഴാക്കി. കാസെമിറോയുടേയും ഫ്രെഡിന്റേയും വൺ ടച്ച് പാസ് റിചാർലിസന് വീണ്ടുമൊരു അവസരം ഒരുക്കി നൽകിയെങ്കിലും നീക്കം ഗോൾകിക്കിൽ അവസാനിച്ചു. 37–ാം മിനിറ്റിൽ മിലിവോയുടെ ഒരു ഗോൾ ശ്രമം സ്വിസ് താരം ഷാക്ക ബ്ലോക്ക് ചെയ്തു. റാഫിഞ്ഞയെടുത്ത കോർണറിൽനിന്ന് ഗോൾ നേടാനുള്ള തിയാഗോ സില്‍വയുടെ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദിയുടെ ബ്ലോക്കിൽ പന്തു ഗോൾ പോസ്റ്റിലെത്തിയില്ല. ആദ്യപകുതി അവസാനിച്ചപ്പോൾ ഗോൾ പിറന്നില്ല.
രണ്ടാം പകുതി തുടങ്ങിയതും സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 52ാം മിനിറ്റിൽ ബ്രസീൽ ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞുകയറിയ സ്വിസ് ക്രോസ് വിനീഷ്യസ് ഏറെ പണിപ്പെട്ടാണ് നിർവീര്യമാക്കിയത്. 63–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനീയർ ബ്രസീലിനായി വല കുലുക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. 81-ാം മിനിറ്റില്‍ ആന്റണിയെടുത്ത കോര്‍ണര്‍ കിക്കിന്റെ ഭാഗമായി ഗയ്‌മെറസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍ അനായാസം പന്ത് കൈയ്യിലാക്കി. 83–ാം മിനിറ്റിൽ കാസെമിറോ മത്സരത്തിലെ ആദ്യ ഗോൾ നേടി.