കൊച്ചി: അനിയന്ത്രിതമായി വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ കേരള പോലീസ് നടത്തുന്ന ആന്റി നാര്‍ക്കോട്ടിക് ക്യാംപയിനായ 'യോദ്ധാവിന്റെ' ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കും കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും (എസ്.ഐ.എസ്.എഫ്) ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി ബേബി ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരും എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമുള്‍പ്പടെ ഇരൂന്നൂറോളം ആളുകള്‍ പങ്കെടുത്തു. ഇന്‍ഫോപാര്‍ക് ഫേസ് വണ്ണില്‍ നിന്നാരംഭിച്ച ആന്റി നര്‍ക്കോട്ടിക് റണ്‍ ഏകദേശം മൂന്നു കിലോമീറ്ററുകളോളം സഞ്ചരിച്ച് തൃക്കാക്കര മുനിസിപ്പാലിറ്റി ഓപ്പണ്‍ എയര്‍ സ്റ്റേജിലെത്തി പര്യവസാനിച്ചു.
സിനിമ താരം അതിഥി രവി ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ത്ഥികളും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരും പൊതുജനങ്ങളും ഏറ്റുചൊല്ലി. ഇന്‍ഫോപാര്‍ക്കിലെ സുരക്ഷാ ഉദ്യോഗ്യസ്ഥരോടൊപ്പം കൊച്ചി മെട്രോയിലെ എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്‌കൂളിലെ അന്‍പതോളം വരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ബോധവത്കരണ പരിപാടിയുടെ ഭാഗമായി.
തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാന അബ്ദു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ എസ്.ഐ.എസ്.എഫ് കമാന്‍ഡന്റ് കെ.എന്‍ അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ലഹരി മാഫിയയ്ക്ക് കടിഞ്ഞാണിടാന്‍ പോലീസിന് പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണ്. സര്‍ക്കാരിനോടൊപ്പം ഒന്നിച്ചുനിന്ന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് ഷാന അബ്ദു പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ജൂനിയര്‍ ഓഫീസര്‍ അനില്‍ മാധവന്‍, കൊച്ചി മെട്രോ അസിസ്റ്റന്റ് കമാന്‍ഡന്റ് ആര്‍. മനോജ് എന്നിവര്‍ ഉദഘാടന ചടങ്ങില്‍ സംസാരിച്ചു.
തൃക്കാക്കരയില്‍ നടന്ന സമാപനച്ചടങ്ങില്‍ ആന്റി നാര്‍ക്കോട്ടിക് റണ്ണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇന്‍ഫോപാര്‍ക് പ്രോഗ്രസ്സിവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.