ദുബായ്: ഏഷ്യാ കപ്പ് ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഹോങ്കോങ്ങിനെ 40 റണ്ണിന് വീഴ്--ത്തി എ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മുന്നേറ്റം. സൂര്യകുമാർ യാദവിന്റെ (26 പന്തിൽ 68*) തകർപ്പൻ ബാറ്റിങ്ങാണ് ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 193 റൺ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹോങ്കോങ്ങുകാർ 5–152 ൽ അവസാനിപ്പിച്ചു.
സ്കോർ: ഇന്ത്യ 2–192, ഹോങ്കോങ് 5–152.
ആറുവീതം സിക്‌സറും ഫോറും പറത്തിയാണ് സൂര്യകുമാർ കളംവാണത്. മികവ് വീണ്ടെടുത്ത മുൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി (44 പന്തിൽ 59*) സൂര്യയ്ക്ക് കൂട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. ക്യാപ്‌റ്റൻ രോഹിത് ശർമയ്ക്കും (13 പന്തിൽ 21) ലോകേഷ് രാഹുലിനും (39 പന്തിൽ 36) മിന്നാനായില്ല. ഏകദിന ശൈലിയിലായിരുന്നു രാഹുൽ ക്രീസിൽ. രോഹിത് പുറത്തായശേഷം എത്തിയ കോഹ്‌ലിക്കും ആദ്യം താളംകിട്ടിയില്ല.
രാഹുൽ മടങ്ങിയതിനുപിന്നാലെ സൂര്യ എത്തിയത് വഴിത്തിരിവായി. ആദ്യ രണ്ടുപന്തും ബൗണ്ടറി പായിച്ച് തുടങ്ങിയ വലംകൈയൻ നിർത്തിയില്ല. സ്‌പിന്നർമാരേയും പേസർമാരേയും അനായാസം നേരിട്ടു. മികച്ച ഷോട്ടുകളിലൂടെ അതിവേഗം റൺ കണ്ടെത്തി. സൂര്യയുടെ പ്രസരിപ്പ് കോഹ്‌ലിക്കും ഗുണകരമായി. മൂന്ന് സിക്‌സറും ഒരു ഫോറും സഹിതമാണ് കോഹ്‌ലി അരസെഞ്ചുറി കണ്ടെത്തിയത്. 42 പന്തിൽ 98 റണ്ണാണ് ഇരുവരും ചേർത്തത്. അവസാന അഞ്ച് ഓവറിൽ 78 റൺ പിറന്നു. ഇതിനിടെ രോഹിത് ട്വന്റി–-20യിൽ 3500 റൺ തികച്ചു. 134 കളിയിൽനിന്നാണ് നേട്ടം.
നാളെ നടക്കുന്ന പാകിസ്ഥാൻ–ഹോങ്കോങ് വിജയികൾ സൂപ്പർ ഫേ-ാറിലേക്ക് മുന്നേറും.