ദുബായ്: ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു. ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും 35 റൺസെടുത്തു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ കെ.എൽ രാഹുലിനെ പവലിയനിലേക്ക് മടക്കി പാകിസ്താൻ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീടെത്തിയ കോഹ്‌ലിയും ക്യാപ്റ്റ്ൻ രോഹിത് ശർമയും ചേർന്ന് സ്‌കോർ 50 ൽ എത്തിച്ചു. എന്നാൽ, തുടരെ വിക്കറ്റ് വീണത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ നന്നായി ബാധിച്ചു. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പാണ്ഡ്യ 52 റൺസിന്റെ നിർണായക കൂട്ടുകെട്ട് നേടി. ജഡേജ 28 പന്തിൽ 35 റൺസെടുത്തു. പാണ്ഡ്യ 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ പാകിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. പാകിസ്താനു വേണ്ടി നസീം ഷാ രണ്ടും മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റും നേടി.
സ്‌കോർ: പാകിസ്ഥാൻ 147 (19.5), ഇന്ത്യ 5–148 (19.4)
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 19.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളിങ് നിരയുടെ മിന്നും പ്രകടനമാണ് പാകിസ്താനെ തകർത്തത്. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോൾ ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാൻ ഒന്നും അർഷദീപും രണ്ട് വിക്കറ്റ് വീതവും നേടി.