കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ് സന്തോഷപൂർവം പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് എച്ച്‌എൻകെ ഹയ്‌ദുക് സ്‌പ്‌ളിറ്റിൽനിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്.
ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്‌ട്രൈക്കറുടെ യൂത്ത് കരിയർ ആരംഭിച്ചത്. 2009ൽ ഒളിന്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാൻപ്യൻസ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയർ ടീമുമായി കരാർ നൽകി. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്‌സി എന്നിവയ്‌ക്കായി വായ്‌പാടിസ്ഥാനത്തിൽ കളിച്ചു. ഒളിന്പിയാകോസിൽ തിരിച്ചെത്തുന്നതിന് മുന്പായി 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിന്പിയാകോസിൽ 17 കളിയിൽ നാല് ഗോളും നേടി.
അദ്ദേഹത്തിന്റെ കരിയറിലെ പുതിയതും നീണ്ടതുമായ ഒരു അധ്യായം 2015ലാണ് സംഭവിച്ചത്. ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബ് കാൾഷ്രുഹെർ എസ്‌സിയിൽ ഡയമാന്റകോസ് വായ്‌പാടിസ്ഥാനത്തിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വിഎഫ്‌എൽ ബോചും, എഫ്‌സി സെന്റ് പോളി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ 100ൽ കൂടുതൽ മത്സരങ്ങളിൽനിന്ന് 34 ഗോളും എട്ട് അവസരമൊരുക്കലുകളും അദ്ദേഹം നടത്തി.
2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് ഹയ്‌ദുക് സ്‌പ്‌ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. 30ൽ കൂടുതൽ മത്സരങ്ങളിൽ ഇറങ്ങുകയും ചെയ്‌തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുന്പ് ഇസ്രയേലി ക്ലബ്ബ് എഫ്‌സി അസ്‌ഹഡോഡിനൊപ്പം വായ്‌പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളുംനേടി. യൂറോപ്യൻ അണ്ടർ 19 ചാൻപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാമ്പ്യൻ കോച്ച് ക്‌ളോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.
ഈ സമ്മറിലെ കെബിഎഫ്‌സിയുടെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്. മുന്നേറ്റനിരയ്‌ക്ക് ദിമിത്രിയോസ് കൂടുതൽ കരുത്ത് പകരുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നു. നേരത്തെ കരാറായതിൽ അദ്ദേഹത്തിന്റെ ഗ്രീക്ക് എതിരാളി അപോസ്‌തോലോസ് ജിയാന്നുവും ഉൾപ്പെടും. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022/23 സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ മുന്നൊരുക്കത്തിനായി ക്ലബ്ബ് നിലവിൽ യുഎഇയിലാണ്. യാത്രാ അനുമതി, മെഡിക്കൽ പരിശോധന എന്നിവക്ക് ശേഷം ഡയമാന്റകോസ് ദുബായിൽ സഹതാരങ്ങൾക്കൊപ്പം ചേരും.
. @DiamantakosD is excited to begin this new chapter with us! ?#SwagathamDimitrios #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/KJQsk8A9cv
— Kerala Blasters FC (@KeralaBlasters) August 26, 2022